സച്ചിന്‍ ട്വിറ്ററില്‍ ചേര്‍ന്നതെന്തിന്?

മുംബൈ| WEBDUNIA|
PRO
സച്ചിന്‍ ട്വിറ്ററില്‍ ചേരാന്‍ ഇത്രയും വൈകിയതെന്ത് എന്നാണ് ആരാധകര്‍ ഇപ്പോള്‍ ചോദിക്കുന്നത്. എന്നാല്‍ എന്തിനാണ് ഇപ്പോള്‍ സച്ചിന്‍ ട്വിറ്ററില്‍ ചേര്‍ന്നതെന്ന് ആരാധകര്‍ ചോദിച്ചാല്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്ക് കൃത്യമായ ഉത്തരമുണ്ട്. തന്‍റെ അപരനെ ഒഴിവാക്കാനെന്ന്. സച്ചിന്‍ ട്വിറ്ററില്‍ ചേരുന്നതിനു മുന്‍പ് തന്നെ സച്ചിന്‍റെ പേരില്‍ നിരവധി വ്യാജ പ്രൊഫൈലുകള്‍ ട്വിറ്ററില്‍ ഉണ്ടായിരുന്നു. ഇവരില്‍ ചിലര്‍ സച്ചിനെപ്പോലെ മത്സരങ്ങളെ ആധികാരികമായി വിലയിരുത്തുകയും ആരാധകര്‍ക്ക് തെറ്റായ സന്ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു.

സച്ചിന്‍റെ സുഹൃത്തും ഫോട്ടോഗ്രാഫറുമായ അതുല്‍ കസ്ബേക്കറാണ് ഇക്കാര്യം സച്ചിനോട് ചൂണ്ടിക്കാട്ടിയത്. ഇത് ശരിയല്ലെന്ന് സച്ചിന് തോന്നി. എന്നാല്‍ പിന്നെ നേരിട്ട് ട്വിറ്ററില്‍ അവതരിക്കാമെന്ന് ക്രിക്കറ്റ് ദൈവം തീരുമാനിക്കുകയും ചെയ്തു. ട്വിറ്ററില്‍ ട്വീറ്റ് ചെയ്യാനായി മുന്‍ പരിശീലനമൊന്നും വേണ്ടി വന്നില്ലെന്ന് ഒരു സ്വകാര്യ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സച്ചിന്‍ പറഞ്ഞു. താന്‍ ട്വിറ്ററില്‍ സ്ഥിരമായി ട്വീറ്റ് ചെയ്യാനൊന്നും പോവുന്നില്ലെന്നും സച്ചിന്‍ പറഞ്ഞു.

സത്യസന്ധമായി പറഞ്ഞാല്‍ ഞാന്‍ പൊതുവെ അന്തര്‍മുഖനാണ്. അതുകൊണ്ടു തന്നെ ഒരുപാട് ട്വീറ്റുകളൊന്നും എന്നില്‍ നിന്ന് പ്രതീക്ഷിക്കേണ്ട. എന്‍റെ സ്വകാര്യ ജീവിതവും ഇവിടെ പങ്കുവെയ്ക്കാന്‍ ആഗ്രഹിക്കുന്നില്ല. എങ്കിലും ട്വിറ്ററില്‍ എത്തിയതിനുശേഷം ലഭിച്ച പ്രതികരണങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരുന്നു. അതുകൊണ്ട് തന്നെ ഞാന്‍ കൈവശമുള്ള കുറേ അപൂര്‍വ ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യുകയും ചെയ്തു.

ഇപ്പോള്‍ ഞാന്‍ സഹീറിനെയും കസബേക്കറെയും മാത്രമേ ഫോളോ ചെയ്യുന്നുള്ളു. ട്വിറ്ററുമായി കൂടുതല്‍ പരിചയപ്പെട്ടു കഴിഞ്ഞാല്‍ അത് ചിലപ്പോള്‍ കൂടിയേക്കാം. മിഡ് ഡേ പത്രം സച്ചിനെ ഒന്നാം നമ്പര്‍ ട്വിറ്റര്‍ ആക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് ആരാധകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ താന്‍ ട്വിറ്ററിലും ശ്രമിക്കുമെന്നായിരുന്നു സച്ചിന്‍റെ മറുപടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :