ചിരായു അമിന്‍ ഐ പി എല്‍ ചെയര്‍മാന്‍

മുംബൈ| WEBDUNIA|
PRO
ബി സി സി ഐ വൈസ് പ്രസിഡന്‍റും ബറോഡ ക്രിക്കറ്റ് ബോര്‍ഡ് അധ്യക്ഷനുമായ ചിരായു അമിനെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ ഇടക്കാല ചെയര്‍മാനായി നിയമിക്കാന്‍ ഐ പി എല്‍ ഭരണ സമിതി യോഗം തീരുമാനിച്ചു. ഇന്ന് മുംബൈയില്‍ ചേര്‍ന്ന ഐ പി എല്‍ ഭരണസമിതി യോഗത്തിലാണ് തീരുമാനം.

ഐ പി എല്ലുമായി ബന്ധപ്പെട്ട പല രേഖകളും ചെയര്‍മാന്‍റെ ഓഫീസില്‍ കാണാനില്ലെന്നും ഇതു സംബന്ധിച്ച് ചിരായു അമിനും രത്നാകര്‍ ഷെട്ടിയും അന്വേഷണം നടത്തുമെന്നും ബി സി സി ഐ പ്രസിഡന്‍റ് ശശാങ്ക് മനോഹര്‍ പറഞ്ഞു. ഐ പി എല്‍ കമ്മീഷണറായിരുന്ന ലളിത് മോഡിയ്ക്കെതിരായ അരോപണങ്ങളില്‍ അദ്ദേഹം വ്യക്തമായ മറുപടി നല്‍കുന്നപക്ഷം ആരോപണങ്ങള്‍ പിന്‍‌വലിക്കും.

ഐപിഎല്ലുമായി ബന്ധപ്പെട്ട പല പ്രധാന രേഖകളും ചെയര്‍മാന്റെ ഓഫീസില്‍ കാണാനില്ലെന്ന് ശശാങ്ക് മനോഹര്‍ പറഞ്ഞു. പല തീരുമാനങ്ങളും മോഡി കൈക്കൊണ്ടിരുന്നത് ഗവേണിങ് കൗണ്‍സിലിന്റെ അനുമതിയില്ലാതെയായിരുന്നു. ബ്രാന്‍ഡ് നെയിമിനെക്കാള്‍ ഉപരി ധാര്‍മ്മികതയും സുത്യാരതയുമാണ് പ്രധാനം.

അടുത്ത സീസണിലെ ഐ പി എല്ലിന്റെ നടത്തിപ്പിനായി പുതിയ സമിതിയേയും നിയോഗിച്ചു. മുന്‍ താരങ്ങളായ സുനില്‍ ഗാവസ്‌കര്‍, രവി ശാസ്ത്രി, മന്‍സൂര്‍ അലിഖാന്‍ പട്ടൗഡി എന്നിവര്‍ കമ്മിറ്റിയിലുണ്ട്. അടുത്തവര്‍ഷത്തെ ഐ പി എല്ലിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇവരായിരിക്കും നിശ്ചയിക്കുക. ജൂണില്‍ ഗവേണിങ് കൗണ്‍സില്‍ വീണ്ടും യോഗം ചേരും.

ശശാങ്ക് മനോഹറിനെ കൂടാതെ, മുന്‍ ക്രിക്കറ്റ് താരങ്ങളായ സുനില്‍ ഗാവസ്‌കര്‍, രവി ശാസ്ത്രി എന്നിവരുടെ പേരുകള്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ടിരുന്നെങ്കിലും ഒടുവില്‍ ചിരായു അമിന് നറുക്ക് വീഴുകയായിരുന്നു. ലളിത്‌ മോഡി ഇല്ലാതെയാണ്‌ ഐപിഎല്‍ ഭരണസമിതി യോഗം മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത്‌ ചേര്‍ന്നത്‌. യോഗം രണ്ട് മണിക്കൂര്‍ നീണ്ടു.

ബിസിസിഐ പ്രസിഡന്റ്‌ ശശാങ്ക്‌ മനോഹര്‍, സെക്രട്ടറി എന്‍.ശ്രീനിവാസന്‍. ഐപിഎല്‍ വൈസ്‌ ചെയര്‍മാന്‍ നിരഞ്ജന്‍ ഷാ, ബിസിസിഐ വൈസ്‌ പ്രസിഡന്റുമാരായ അരുണ്‍ ജെയ്റ്റ്‌ലി, മാധ്യമ വിഭാഗം തലവന്‍ രാജീവ്‌ ശുക്ല എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :