നായകമികവ് തെളിയിക്കേണ്ട കാര്യമില്ല

മുംബൈ| WEBDUNIA|
PRO
തന്‍റെ നായകമികവ് ആര്‍ക്ക് മുന്നിലും തെളിയിക്കേണ്ട കാര്യമില്ലെന്ന് മുംബൈ ഇന്ത്യന്‍സ് നായകന്‍ സച്ചിന്‍ ടെന്‍‌ഡുല്‍ക്കര്‍. നായകനാവാന്‍ വേണ്ടിയല്ല ഞാന്‍ കളിക്കുന്നത്. കളിയുടെ എല്ലാ ഫോര്‍മാറ്റിലും റണ്‍സ് കണ്ടെത്തുന്നതും എന്തെങ്കിലും തെളിയിക്കാന്‍ വേണ്ടിയല്ല. കളി ഞാന്‍ ആസ്വദിക്കുന്നതു കൊണ്ടാണ്. എന്തൊക്കെ സംഭവിച്ചാലും അത് തുടരുക തന്നെ ചെയ്യുമെന്നും ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സച്ചിന്‍ പറഞ്ഞു.

ഓസീസ് നായകന്‍ റിക്കി പോണ്ടിംഗിനേക്കാള്‍ 12 ടെസ്റ്റ് സെഞ്ച്വറികളുടെ ലീഡ് നേടാനായല്ലോ എന്ന ചോദ്യത്തിന് സെഞ്ച്വറികള്‍ എണ്ണിക്കൊണ്ടല്ല താന്‍ കളിക്കുന്നതെന്നായിരുന്നു സച്ചിന്‍റെ മറുപടി. എന്‍റെ കഠിനാധ്വാനത്തിന്‍റെ ഫലമാണ് എന്‍റെ നേട്ടങ്ങള്‍. അതിന് ഞാന്‍ എപ്പോഴും ദൈവത്തോട് നന്ദിയുള്ളവനായിരിക്കും.

ഐ പി എല്ലുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന വിവാദങ്ങളെല്ലാം മറികടക്കാനാവും. ആരാധകര്‍ ആഗ്രഹിക്കുന്നത് ആവേശോജ്വലമായ മത്സരങ്ങളാണ്. അത് നല്‍കാന്‍ കഴിയുന്നിടത്തോളം ബാക്കി വിഷയങ്ങളെല്ലാം അപ്രസക്തമാണ്. ജീവിതത്തില്‍ എപ്പോഴും നല്ലത് മാത്രമേ സംഭവിക്കു എന്നില്ല. ചിലപ്പോള്‍ മോശം കാലഘട്ടത്തിലൂടെയും കടന്നുപോവേണ്ടി വരും. 2007ലെ ലോകകപ്പ് ക്രിക്കറ്റും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത്തരത്തില്‍ മോശമായൊരു കാലഘട്ടമായിരുന്നു.

അടുത്ത് നടക്കാന്‍ പോകുന്ന ഐ പി എല്‍ താര ലേലത്തില്‍ ഓരോ ടീമിനും നാലു വീതം വിദേശ, ആഭ്യന്തര താരങ്ങളെയും നിലനിര്‍ത്താന്‍ അനുവദിക്കണമെന്നാണ് തന്‍റെ വ്യക്തിപരമായ അഭിപ്രായമെന്നും സച്ചിന്‍ പറഞ്ഞു. ഒരു ടീമിലെ മുഴുവന്‍ താരങ്ങളെയും ലേലം ചെയ്യുന്നത് ആ ടീമിന്‍റെ കെട്ടുറപ്പിനെ ബാധിക്കും. അതുകൊണ്ട് അധികം മാറ്റങ്ങളില്ലാതെ ടീമിനെ നിലനിര്‍ത്തുന്നതാണ് അഭികാമ്യമെന്നും സച്ചിന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :