മോഡിയെ രക്ഷിച്ചത് അജ്ഞാത യുവതി ?

ന്യൂഡല്‍ഹി| WEBDUNIA|
PRO
ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്നലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആസ്ഥാനത്തും ഐ പി എല്‍ കമ്മീഷണര്‍ ലളിത് മോഡിയുടെ ഓഫീസുകളിലും നടത്തിയ റെയ്ഡിനു തൊട്ടു മുന്‍പ് ഒരു യുവതി മോഡിയുടെ ഓഫീസില്‍ നിന്ന് പുറത്തേക്കിറങ്ങിപ്പോയതായി റിപ്പോര്‍ട്ട്. കൈയില്‍ ലാപ്‌ടോപ്പും, ബ്രീഫ്കേയ്സും കുറേ കടലാസുകളുമായി പുറത്തേക്ക് പോയ ഈ യുവതിയാണ് മോഡിയെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വിരിച്ച വലയില്‍ നിന്ന് രക്ഷിച്ചതെന്നാണ് അഭ്യൂഹം.

മോഡി താമസിക്കുന്ന പാരലിലെ 4 സീസണ്‍ ഹോട്ടലില്‍ നിന്ന് റെയ്ഡിന് നിമിഷങ്ങള്‍ക്ക് മുന്‍പ് ഒരു യുവതി ഇറങ്ങിപ്പോവുന്നതിന്‍റെ സി സി ടി വി ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നു. ഇതിനു പുറമെ നിരവധി ഐ പി എല്‍ ഒഫീഷ്യലുകളും ഇത്തരത്തില്‍ ഹോട്ടലില്‍ നിന്ന് രേഖകളുമായി കടന്നുകളഞ്ഞതായി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.

ഐ.പി.എല്ലിലെ മറ്റു ടീമുകളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ആദായനികുതി വിഭാഗം വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇന്നലെ നടത്തിയത് റെയ്ഡ് അല്ലെന്നും വസ്തുകള്‍ പരിശോധിക്കാനുള്ള അന്വേഷണം മാത്രമായിരുന്നുവെന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ലളിത് മോഡിയെ ഇന്നലെ എട്ടുമണിക്കൂറോളം അധികൃതര്‍ ചോദ്യം ചെയ്തിരുന്നു. ആവശ്യമുണ്ടെങ്കില്‍ ഇനിയും ചോദ്യം ചെയ്യാനായി മോഡിയെ വിളിപ്പിക്കുമെന്ന് ആദായനികുതി വകുപ്പ് അധികൃതര്‍ പറഞ്ഞു.

മറ്റു ടീമുകളുള്ള നഗരങ്ങളിലെ അവരുടെ ആസ്തി, മറ്റുകാര്യങ്ങള്‍ എന്നിവയൊക്കെ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. അതിനിടെ പഞ്ചാബ് കിങ്‌സിന്റെ മൊഹാലിയിലെ ഓഫീസില്‍ പരിശോധന നടന്നതായി വിവരമുണ്ട്.

വ്യാഴാഴ്ച രാത്രി മുതല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ വരെയാണ് ഐ.പി.എല്ലിന്റെ മുംബൈയിലെ വിവിധ കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയത്. ഐ.പി.എല്‍. കമ്മീഷണര്‍ ലളിത് മോഡിയെ ഇതേ സമയം വിശദമായി ചോദ്യം ചെയ്യുകയുമുണ്ടായി. വാങ്കഡെ സ്റ്റേഡിയത്തിലെ ബി സി സി ഐ ആസ്ഥാനത്തുള്ള ഐ പി എല്‍ ഓഫീസ്, മോഡിയുടെ ഓഫീസ്, വര്‍ളിയിലെ നിര്‍ലോണ്‍ ഹൗസ് എന്നിവ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. മോഡിയുടെ ഓഫീസിലെ രേഖകള്‍, ലാപ്‌ടോപ്പ് എന്നിവ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :