തരൂരിന്റെ ഭാവിവധുവിന് കൊച്ചി ടീമില്‍ ഓഹരി ?

കൊച്ചി| WEBDUNIA|
PRO
കൊച്ചി ഐ പി എല്‍ ടീമിന്‍റെ മുഖ്യ രക്ഷാധികാരി എന്നാണ് അവകാശപ്പെടുന്നതെങ്കിലും കേന്ദ്ര മന്ത്രി ശശി തരൂരിന് കൊച്ചി ടീമില്‍ വ്യക്തമായ താല്‍‌പ്പര്യങ്ങളുണ്ടെന്ന് ഐ പി എല്‍ കമ്മീഷണര്‍ ലളിത് മോഡി. തരൂരിന്‍റെ ഭാവിവധു ആയേക്കുമെന്ന് കരുതുന്ന സുനന്ദ പുഷ്‌കറിന് കൊച്ചി ടീമില്‍ 18 ശതമാനം ഓഹരി പങ്കാളിത്തമുണ്ടെന്ന് മോഡി ട്വിറ്ററിലൂടെ വ്യക്തമാക്കി. കൊച്ചി ടീം ഉടമകളിലൊരാളായ റൊണ്‍ഡിവൂ കണ്‍സോര്‍ഷ്യത്തിലാണ് സുനന്ദയ്ക്ക് 18 ശതമാനം ഓഹരിയുള്ളത്. കൊച്ചി ടീമില്‍ റൊണ്‍ഡിവൂവിന് ആകെ 25 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്.

കൊച്ചി ടീമുമായുള്ള കരാര്‍ ഒപ്പിടുന്ന ദിവസം, റൊണ്‍‌ഡീവുവിന്റെ ഉടമകളെക്കുറിച്ചുള്ള വിവരങ്ങള്‍ ചുഴിഞ്ഞെടുക്കരുതെന്ന് ആവശ്യപ്പെട്ട് ഒരു കേന്ദ്രമന്ത്രി തന്നെ വിളിച്ചിരുന്നുവെന്ന് റോഷന്‍ ദേവ് എന്നയാളിന്റെ ട്വീറ്റിന് മറുപടിയായി ലളിത് മോഡി തന്റെ ട്വിറ്ററിലൂടെ നേരത്തെ വെളിപ്പെടുത്തിരുന്നു. ഇത് സുനന്ദ പുഷ്‌കറിന്‍റെ പേര് പുറത്തു വരാതിരിക്കാനുള്ള മുന്‍‌കരുതലാണെന്നാണ് ആരോപണം.

നേരത്തെ ഡല്‍ഹിയിലെ പല പൊതുചടങ്ങുകളിലും തന്നോടൊപ്പം പ്രത്യക്ഷപ്പെട്ട സുനന്ദയെ തരൂര്‍ മിന്നുകെട്ടാന്‍ ഒരുങ്ങുകയാണെന്ന വാര്‍ത്ത ഞായറാഴ്ചയാണ് ലോകമറിഞ്ഞത്. തരൂരിന്റെ ഓഫീസ് ഈ വാര്‍ത്ത നിഷേധിച്ചിട്ടുണ്ടെങ്കിലും തരൂര്‍ ഇതുവരെ പ്രശ്‌നത്തില്‍ അഭിപ്രായം പറഞ്ഞിട്ടില്ല.

ടീമുടമകള്‍ നടത്തിയ മാധ്യമസമ്മേളനത്തിലൊന്നും സുനന്ദ പുഷ്‌കറിന്റെ പേര് പുറത്തുവന്നിരുന്നില്ല. പിന്നീട് അറിയപ്പെടാത്ത വ്യക്തികള്‍ക്ക് ടീമിന്റെ ഓഹരികള്‍ കൈമാറിയെന്ന വാര്‍ത്ത പരക്കുകയും ഇത് ടീമിന്റെ അംഗീകാരം റദ്ദാക്കുന്നതിന്റെ വക്കില്‍ വരെയെത്തുകയും ചെയ്തിരുന്നു. പിന്നീട് ടീം മാനേജ്‌മെന്റ് ഓഹരിയുടമകളുടെ പട്ടിക ബി സി സി ഐ യ്ക്ക് സമര്‍പ്പിച്ചതോടെയാണ് പ്രശ്‌നം പരിഹരിക്കപ്പെട്ടത്. ടീമിനെതിരെ ഐ പി എല്ലിലെ ഒരു ഉന്നതന്റെ സഹായത്തോടെ ചില വ്യവസായ ഗ്രൂപ്പുകള്‍ നടത്തിയ ഗൂഢാലോചനയാണ് ഇത്തരമൊരു വാര്‍ത്തയ്ക്ക് പിന്നിലെന്നും ശ്രുതി പരന്നിരുന്നു.

ടീമിന്റെ രക്ഷാധികാരിയായ തരൂര്‍ തന്നെ ഇടപെട്ടാണ് പ്രശ്‌നത്തിന് രമ്യമായ പരിഹാരം ഉണ്ടായത്. അതിനിടെ ഓഹരിയുടമകളുടെ വിശദാംശങ്ങള്‍ ട്വിറ്ററിലൂടെ വെളിപ്പെടുത്തിയ മോഡിയുടെ നടപടിക്കെതിരെ കൊച്ചി ഐ പി എല്‍ ടീം ബി സി സി ഐ പ്രസിഡന്റ് ശശാങ്ക് മനോഹറിന് പരാതി നല്‍കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :