പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമില്‍ ശുദ്ധികലശം. ഓസ്ട്രേലിയന്‍ പര്യടനത്തിലെ മോശം പ്രകടനത്തിന്‍റെയും പരസ്യ പ്രസ്താവനകളുടെയും പേരില്‍ പാക് നായകന്‍ മുഹമ്മദ് യൂസഫിനും മുന്‍ നായകന്‍ യൂനിസ് ഖാനും ക്രിക്കറ്റില്‍ ആജീവനാന്ത വിലക്കേര്‍പ്പെടുത്താന്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചു. പാക് താരങ്ങളായ ഷൊയൈബ് മാലിക്, റാണാ നവേദ് ഉള്‍ ഹസന്‍ എന്നിവര്‍ക്ക് ഒരു വര്‍ഷത്തെ വിലക്കും എര്‍പ്പെടുത്തിയിട്ടുണ്ട്.
ഓസ്ട്രേലിയന്‍ പര്യടനത്തില്‍ പാകിസ്ഥാന്‍ ടീമിന്‍റെ മോശം പ്രകടനത്തെക്കുറിച്ച് അന്വേഷിച്ച നാഷണല്‍ സ്പോര്‍ട്സ് കമ്മിറ്റിയുടെ ശുപാര്‍ശ അനുസരിച്ചാണ് നടപടി. അച്ചടക്ക ലംഘനം നടത്തിയ അക്‍മല്‍ സഹോദരന്‍മാര്‍ക്ക് അഞ്ചു മില്യണ്‍ ഡോളര്‍ പിഴ ചുമത്താനും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇതിനു പുറമെ പന്തു കടിക്കല്‍ വിവാദത്തില്‍പ്പെട്ട ഷാഹിദ് അഫ്രീദിയ്ക്ക് പിഴ ചുമത്താനും ആറു മാസത്തെ നല്ലനടപ്പ് കാലാവധി നല്‍കാനും പി സി ബി തീരുമാനിച്ചിട്ടുണ്ട്.
അച്ചടക്ക ലംഘനത്തിന്‍റെ പേരില്‍ ഇതാദ്യമായാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് ഇത്രയും കടുത്ത നടപടി എടുക്കുന്നത്. തീരുമാനം കടുത്തതാണെങ്കിലും പാക് ക്രിക്കറ്റില്‍ അച്ചടക്കം തിരിച്ചുകൊണ്ടുവരാന്‍ ഇത് ഉപകരിക്കുമെന്ന് മുന്‍ നായകന്‍ റമീസ് രാജ പറഞ്ഞു. ഇതോടെ വെസ്റ്റിന്‍ഡീസില്‍ നടക്കുന്ന ട്വന്‍റി-20 ലോകകപ്പില്‍ പാക് ടീമിനെ നയിക്കുന്നത് പുതുമുഖമായിരിക്കുമെന്ന് ഉറപ്പായി.