ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള സ്ക്വാഡിനെ ബിസിസിഐ പ്രഖ്യാപിച്ചു. ശ്രീശാന്ത്,ദിനേശ് കാര്‍ത്തിക്ക് എന്നിവര്‍ ടീമില്‍ മടങ്ങിയെത്തി. ഇന്ത്യയുടെ ടെസ്റ്റ് സ്ക്വാഡിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട സുരേഷ് റെയ്നയുടെ സാന്നിധ്യമാണ് മറ്റൊരു പ്രത്യേകത. 14 ന് കൊല്‍ക്കത്തയിലാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുക.
ദുലീപ് ട്രോഫിയിലെ മികച്ച പ്രകടനമാണ് ദിനേശ് കാര്‍ത്തിക്കിനെ പരിഗണിക്കാന്‍ സെലക്ടര്‍മാരെ പ്രേരിപ്പിച്ചത്. കഴിഞ്ഞ ആഴ്ച നടന്ന ടൂര്‍ണ്ണമെന്‍റിന്‍റെ ഫൈനലില്‍ കാര്‍ത്തിക് രണ്ട് സെഞ്ച്വറികള്‍ നേടിയിരുന്നു. ബംഗ്ലാദേശിനെതിരെ നടന്ന രണ്ടാം ടെസ്റ്റിലാണ് കാര്‍ത്തിക് അവസാനമായി ഇന്ത്യയ്ക്ക് വേണ്ടിയിറങ്ങിയത്.
പരുക്കിനെ തുടര്‍ന്നാണ് ശ്രീശാന്തിന് ആദ്യ ടെസ്റ്റിനുള്ള ടീമില്‍ ഇടം പിടിക്കാന്‍ കഴിയാഞ്ഞത്.ഫിറ്റ്നസ് വീണ്ടെടുത്തതായി ശ്രീശാന്ത് വ്യക്തമാക്കിയിട്ടുണ്ട്. അടുത്തിടെ ടീമില്‍ ശക്തമായ സാന്നിധ്യമറിയിച്ച് തിരിച്ചെത്തിയ ശ്രീശാന്തിന്‍റെ സാന്നിധ്യം ബൌളിംഗിനെ ബലപ്പെടുത്തുമെന്ന നിഗമനത്തിലാണ് സെലക്ടര്‍മാര്‍. പരുക്കിനെ തുടര്‍ന്ന് ആദ്യ ടെസ്റ്റില്‍ ഇറങ്ങാന്‍ കഴിയാതിരുന്ന ലക്‍ഷ്മണിനെയും സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഫിറ്റ്നസ് വീണ്ടെടുത്താല്‍ വിവിഎസ് ലക്ഷ്മണ്‍ പതിനൊന്നംഗ സ്ക്വാഡില്‍ ഇടം പിടിച്ചേക്കും. ലക്ഷ്മണിന് പകരം രോഹിത് ശര്‍മ്മയെ ആണ് ആദ്യ ടെസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
ആദ്യ ടെസ്റ്റ് കൈവിട്ട സമ്മര്‍ദ്ദത്തിലാണ് ഇന്ത്യ രണ്ടാം ടെസ്റ്റിന് കൊല്‍ക്കത്തയിലെത്തുന്നത്. ബാറ്റിംഗില്‍ നേരിട്ട തിരിച്ചടി പരിഹരിക്കുക എന്ന ലക്‍ഷ്യത്തോടെയാണ് റെയ്നയെ സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയത്. ഇന്ത്യയ്ക്ക് വേണ്ടി 87 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ടെങ്കിലും റെയ്ന ടെസ്റ്റ് ടീമില്‍ ഇതുവരെ ഇടം പിടിച്ചിരുന്നില്ല. മധ്യനിരയില്‍ തിളങ്ങാന്‍ കഴിയുന്ന ബാറ്റ്സ്മാനാണ് റെയ്ന.