മലയാളി താരം എസ് ശ്രീശാന്തിന്‍റെ തീ പാറുന്ന പന്തുകള്‍ക്ക് മുന്നില്‍ ലങ്കന്‍ സിംഹങ്ങള്‍ പതറുന്നു. കാണ്‍പൂര്‍ ക്രിക്കറ്റ് ടെസ്റ്റിന്‍റെ മൂന്നാം ദിനം 66/1 എന്ന നിലയില്‍ ബാറ്റിംഗ് തുടര്‍ന്ന ലങ്ക ഉച്ച ഭക്ഷണത്തിന്‍് കളിഒ നിര്‍ത്തുമ്പോള്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെന്ന നിലയിലാണ്.
26 റണ്‍സുമായി മഹേള ജയവര്‍ധനെയും രണ്ടു റണ്ണുമായി പ്രസന്ന ജയവര്‍ധനെയും ക്രീസില്‍. ഇന്നു വീണ നാലു വിക്കറ്റുകളില്‍ മൂന്നും സ്വന്തമാക്കി ശ്രീശാന്ത് ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങിവരവ് ആഘോഷമാക്കി. ലങ്കന്‍ ചെറുത്തുനില്‍പ്പിന് നേതൃത്വം നല്‍കിയ പര്‍ണാവിതാനയെ (38) ധോണിയുടെ കൈകളിലെത്തിച്ചാണ് ശ്രീശാന്ത് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്.
അധികം കഴിയുന്നതിനു മുന്‍പെ ലങ്കന്‍ നായകന്‍ കുമാര്‍ സംഗക്കാരയുടെ (44) വിക്കറ്റ് പിഴുത് ശ്രീ ലങ്കയ്ക്ക് അടുത്ത ആഘാതമേല്‍പ്പിച്ചു. സമരവീരയായിരുന്നു ശ്രീശാന്തിന്‍റെ അടുത്ത ഇര. പുറത്തുപോയ പന്തിനെ വിക്കറ്റിലേക്ക് വലിച്ചിട്ടാണ് സമരവീര (2) പുറത്തായത്. എയഞ്ചലോ മാത്യുസിന്റെ ബെയിലിളക്കി ഹര്‍ഭജന്‍ ലങ്കന്‍ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി.