ഐപിഎല്‍: പാക് കളിക്കാര്‍ക്ക് സര്‍ക്കാരിന്‍റെ പച്ചക്കൊടി
ഇസ്ലാമാബാദ്, ഞായര്‍, 22 നവംബര്‍ 2009( 13:51 IST )
PRO
വരുന്ന സീസണില്‍ ഐപിഎല്ലില്‍ കളിക്കാന്‍ പാക് താരങ്ങളെ അനുവദിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കി. പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഇജാസ് ബട്ട് ആണ് ഇക്കാര്യം അറിയിച്ചത്.
നേരത്തെ ഐപിഎല്ലില്‍ പങ്കെടുക്കാന്‍ കളിക്കാര്‍ക്ക് പിസിബി ബാധ്യതാ രഹിത സര്‍ട്ടിഫിക്കേറ്റുകള്‍ നല്‍കിയിരുന്നു. എന്നാല്‍ കളിക്കാര്‍ ഇന്ത്യയിലേക്ക് വരുന്നതിനെ പാക് സര്‍ക്കാര്‍ എതിര്‍ക്കുമെന്ന് വാര്‍ത്ത പരന്നിരുന്നു. ഈ സാഹചര്യത്തിലാണ് ബട്ടിന്‍റെ വിശദീകരണം.
സര്‍ക്കാരിന്‍റെ ഉറപ്പിന്‍റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോഡിയുമായി താന്‍ ഫോണില്‍ ബന്ധപ്പെട്ടതായും ബട്ട് പറഞ്ഞു. പാകിസ്ഥാനിലെ മാക്സിമം കളിക്കാരെ ഐപിഎല്ലിന് അയയ്ക്കണമെന്നാണ് തന്‍റെ വ്യക്തിപരമായ അഭിപ്രായമെന്നും ബട്ട് പറഞ്ഞു.
മുംബൈ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ഐപിഎല്ലില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പാക് കളിക്കാരെ സര്‍ക്കാര്‍ വിലക്കിയിരുന്നു.