അഹമ്മദാബാദ്, വെള്ളി, 20 നവംബര്‍ 2009( 17:55 IST )
PRO
ലങ്കന്‍ പേസ് ആക്രമണത്തിന് മുന്നില്‍ ചുവടുപിഴയ്ക്കാതെ ബാറ്റിംഗ് നിര ഉറച്ചുനിന്നതോടെ ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിപ്പിച്ച് ഇന്ത്യ തടിയൂരി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 30,000 റണ്‍സ് മറികടന്ന നേട്ടം സെഞ്ച്വറിയോടെ ആഘോഷിച്ച സച്ചിന്‍ ടെന്‍ഡുല്‍ക്കറും വിക്കറ്റ് കളയാതെ ക്രീസില്‍ ഉറച്ചുനിന്ന് ശതകം തികച്ച ഗൌതം ഗംഭീറുമാണ് ഇന്ത്യയെ പരാജയത്തില്‍ നിന്ന് രക്ഷിച്ചത്.
സമനിലയില്‍ പിരിയാന്‍ തീരുമാനിച്ച് കളി നിര്‍ത്തുമ്പോള്‍ ഇന്ത്യയുടെ രണ്ടാമിന്നിംഗ്സ് സ്കോര്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 412 റണ്‍സ് എന്ന നിലയിലായിരുന്നു. 100 റണ്‍സ് തികച്ച് സച്ചിനും അര്‍ദ്ധസെഞ്ച്വറിയുമായി ലക്ഷ്മണും (51) ആയിരുന്നു ക്രീസില്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സച്ചിന്‍റെ എണ്‍പത്തിയെട്ടാം സെഞ്ച്വറിയാണിത്. ടെസ്റ്റില്‍ നാല്‍പത്തിമൂന്നാം സെഞ്ച്വറിയും. 114 റണ്‍സായിരുന്നു ഗംഭീറിന്‍റെ സംഭാവന.
കളി സമനിലയില്‍ കലാശിച്ചതില്‍ അല്‍പം നിരാശയുണ്ടെന്നായിരുന്നു ലങ്കന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാരയുടെ പ്രതികരണം. ആദ്യ ഇന്നിംഗ്സ് ബാറ്റിംഗില്‍ 275 റണ്‍സ് നേടി ലങ്കന്‍ ഇന്നിംഗ്സിന് അടിത്തറയൊരുക്കിയ മഹേല ജയവര്‍ദ്ധനെയാണ് മാന്‍ ഓഫ് ദ മാച്ച്. അഞ്ച് ദിവസം നീണ്ട കളിയില്‍ അഹമ്മദാബാദില്‍ പിറന്നത് ഏഴ് സെഞ്ച്വറികളാണ്.
തോല്‍വിയുടെ വക്കില്‍ നിന്ന് പൊരുതി മുന്നേറിയതില്‍ അഭിമാനമുണ്ടെന്ന് ക്യാപ്റ്റന്‍ ധോനി പറഞ്ഞു. ബൌളിംഗിലെ പോരായ്മ അംഗീകരിച്ച ധോണി ബാറ്റിംഗില്‍ വ്യാകുലപ്പെടേണ്ടതില്ലെന്നും കൂട്ടിച്ചേര്‍ത്തു.