അഹമ്മദാബാദ്, വെള്ളി, 20 നവംബര്‍ 2009( 14:51 IST )
PRO
റെക്കോഡുകള്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് മുന്നില്‍ ഒരിക്കല്‍ കൂടി വഴിമാറി. അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തില്‍ ലങ്കയ്ക്കെതിരായ ടെസ്റ്റിനിടെ രാജ്യാന്തര ക്രിക്കറ്റില്‍ 30,000 റണ്‍സ് എന്ന നാഴികക്കല്ലാണ് സച്ചിന്‍ മറികടന്നത്. ലോകക്രിക്കറ്റില്‍ 30,000 റണ്‍സ് താണ്ടുന്ന ആദ്യ താരമാണ് ടെന്‍ഡുല്‍ക്കര്‍.
രണ്ടാമിന്നിംഗ്സ് ബാറ്റിംഗിനിറങ്ങുമ്പോള്‍ ഈ നേട്ടം എത്തിപ്പിടിക്കാന്‍ സച്ചിന് 35 റണ്‍സ് കൂടി മാത്രം മതിയായിരുന്നു എണ്‍പത്തിയെട്ടാം ഓവറില്‍ വെലെഗേദരയുടെ പന്ത് സ്ക്വയര്‍ ലെഗിലേക്ക് കട്ട് ചെയ്ത് സിംഗിളെടുത്ത് സച്ചിന്‍ ചരിത്രത്തിലേക്ക് കടക്കുകയും ചെയ്തു.
രാജ്യാന്തര ക്രിക്കറ്റിന്‍റെ വിവിധ രൂപങ്ങളായ ടെസ്റ്റ്, ഏകദിനം, ട്വന്‍റി-20 എന്നീ മൂന്നു ഫോര്‍മാറ്റുകളില്‍നിന്നുമാണ് സച്ചിന്‍ 30,000 റണ്‍സ് സ്വന്തമാക്കിയത്. 436 ഏകദിനങ്ങളില്‍നിന്ന് 17,178 റണ്‍സ്, 159 ടെസ്റ്റുകളില്‍നിന്നായി 12,812 റണ്‍സ്, ഒരു ട്വന്‍റി-20 മത്സരത്തില്‍ നിന്ന് 10 റണ്‍സ് എന്നിങ്ങനെയാണ് സച്ചിന്‍റെ സ്കോറുകള്‍. രാജ്യാന്തര തലത്തില്‍ സച്ചിന്‍ ഒരു ട്വന്‍റി-20 മത്സരം മാത്രമാണ് കളിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെയായിരുന്നു ഈ മത്സരം.
ഓസീസ് നായകന്‍ റിക്കി പോണ്ടിങ്ങാണ് ഈ റെക്കോഡില്‍ സച്ചിന് പിന്നില്‍ ഉള്ളത്. 24,057 റണ്‍സാണ് പോണ്ടിംഗ് സ്വന്തമാക്കിയിട്ടുള്ളത്. ബ്രയന്‍ ലാറ (22,358 റണ്‍സ്), രാഹുല്‍ ദ്രാവിഡ്, ശ്രീലങ്കയുടെ സനത് ജയസൂര്യ, ദക്ഷിണാഫ്രിക്കയുടെ ജാക് കാലിസ്, പാക്കിസ്ഥാന്‍റെ ഇന്‍സമാം ഉള്‍ ഹക്ക് എന്നിവരാണു രാജ്യാന്തര ക്രിക്കറ്റില്‍ 20,000 റണ്‍സ് മറികടന്ന മറ്റു താരങ്ങള്‍.