ഇന്ത്യന്‍ ട്വന്‍റി-20 ടീമില്‍ നിന്ന് പിന്‍മാറിയെങ്കിലും സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കൌണ്ടിയില്‍ ട്വന്‍റി-20 കളിക്കാന്‍ ഇറങ്ങിയേക്കും. കൌണ്ടി ക്ലബ്ബായ മിഡില്‍സെക്സ് ആണ് 2010 സീസണില്‍ സച്ചിനെ രംഗത്തിറക്കാന്‍ ആലോചിക്കുന്നത്.
ഓസീസ് താരമായിരുന്ന ആദം ഗില്‍ക്രിസ്റ്റുമായി മിഡില്‍സെക്സ് കരാര്‍ ഒപ്പിട്ടുകഴിഞ്ഞു. ഇക്കാര്യം അറിയിക്കവേ ആണ് മിഡില്‍സെക്സ് ചീഫ് എക്സിക്യൂട്ടീവ് വിന്നി കോര്‍ഡിംഗ്ടണ്‍ സച്ചിനുമായി ചര്‍ച്ച നടത്തുന്ന കാര്യം സൂചിപ്പിച്ചത്. അന്താരാഷ്ട്ര രംഗത്തെ സച്ചിന്‍റെ തിരക്കനുസരിച്ചായിരിക്കും ഇക്കാര്യം തീരുമാനിക്കുക എന്ന് കോര്‍ഡിംഗ്ടണ്‍ പറഞ്ഞു.
മിഡില്‍സെക്സുമായി കരാര്‍ ഒപ്പിട്ടാല്‍ കൌണ്ടിയിലേക്ക് സച്ചിന്‍റെ രണ്ടാം വരവായിരിക്കും ഇത്. 1992 ല്‍ യോര്‍ക്‍ഷേറിന് വേണ്ടിയാണ് സച്ചിന്‍ ഇതിന് മുമ്പ് കൌണ്ടിയില്‍ ഇറങ്ങിയത്. പത്തൊമ്പത് വയസായിരുന്നു അന്ന് സച്ചിന്. കൌണ്ടിയിലെത്തുന്ന ആദ്യ വിദേശതാരമായിരുന്നു സച്ചിന്‍. അതേസമയം ഗില്‍ക്രിസ്റ്റ് കൌണ്ടിയില്‍ പുതുമുഖമാണ്.
സച്ചിനെ കൌണ്ടിയിലെത്തിക്കുന്നതിന് ചെലവേറുമെങ്കിലും സച്ചിന്‍റെ സാന്നിധ്യം കാണികളുടെ എണ്ണം കൂട്ടുമെന്നും ഇതിലൂടെ കൂടുതല്‍ വരുമാനമുണ്ടാകുമെന്നുമുള്ള പ്രതീക്ഷയിലാണ് കൌണ്ടിയുടെ നടത്തിപ്പ് ചുമതലയുള്ള എംസിസി.