അഹമ്മദാബാദ്, ബുധന്‍, 18 നവംബര്‍ 2009( 13:02 IST )
PRO
അഹമ്മദാബാദ് ടെസ്റ്റില്‍ ശ്രീലങ്ക ഒന്നാമിന്നിംഗ്സ് ലീഡിലേക്ക്. മൂന്ന് വിക്കറ്റിന് 275 റണ്‍സ് എന്ന നിലയില്‍ ഇന്ന് ബാറ്റിംഗ് പുനരാരംഭിച്ച ലങ്ക അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ഉയര്‍ത്തിയ 426 എന്ന ലക്‍ഷ്യം മറികടന്നത്.
സെഞ്ച്വറി നേടിയ മഹേല ജയവര്‍ദ്ധനയാണ് ഇന്ത്യന്‍ പ്രതീക്ഷകളെ തകിടം മറിച്ചത്. 45 റണ്‍സുമായി മൂന്നാം ദിനം ബാറ്റിംഗിനിറങ്ങിയ സമരവീരയെ വ്യക്തിഗത സ്കോര്‍ എഴുപതിലെത്തിയപ്പോള്‍ ഇഷാന്ത് ശര്‍മ്മ മടക്കി അയച്ചു. ഇഷാന്തിന്‍റെ പന്തില്‍ യുവരാജ് സമരവീരയെ പിടികൂടുകയായിരുന്നു.
രാവിലെ വിക്കറ്റുകള്‍ കൊഴിയുന്ന പിച്ചിന്‍റെ സ്വഭാവം മനസിലാക്കി ക്രീസില്‍ ഉറച്ചുനിന്ന ജയവര്‍ദ്ധന ഇന്ത്യന്‍ ബൌളര്‍മാര്‍ക്ക് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്. സമരവീരയെ പുറത്താക്കി ഏറെ കഴിയും മുമ്പ് പതിനേഴ് റണ്‍സെടുത്ത മാത്യൂസിനെയും ഇന്ത്യ പുറത്താക്കി. 85 റണ്‍സായിരുന്നു അപ്പോള്‍ ജയവര്‍ദ്ധനയുടെ സമ്പാദ്യം.
എന്നാല്‍ ക്രീസിലെത്തിയ പ്രസന്ന ജയവര്‍ദ്ധനെയെ കുട്ടുപിടിച്ച് മഹേല നൂറ് കടക്കുകയായിരുന്നു. ജയവര്‍ദ്ധനെയുടെ ഇരുപത്തിയേഴാം ടെസ്റ്റ് സെഞ്ച്വറിയാണിത്. നേരത്തെ തിലകരത്ന ദില്‍ഷനും ലങ്കയ്ക്ക് വേണ്ടി സെഞ്ച്വറി നേടിയിരുന്നു. 112 റണ്‍സായിരുന്നു ദില്‍ഷന്‍ നേടിയത്.