അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഐ പി എല്‍ ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാനെത്തുന്ന പാകിസ്ഥാന്‍ താരങ്ങള്‍ക്ക് വീസ പ്രശ്നമാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. പാകിസ്ഥാനി കളിക്കാര്‍ക്ക് വീസ നല്‍കുന്നതില്‍ ഇന്ത്യയില്‍ യാതൊരു പ്രശ്നങ്ങളും നിലനില്‍ക്കുന്നില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
ഇന്ത്യയില്‍ നടന്ന പ്രഥമ ഐ പി എല്‍ ടൂര്‍ണമെന്‍റില്‍ ഏഴു പാകിസ്ഥാന്‍ താരങ്ങളാണ് പങ്കെടുത്തത്. എന്നാല്‍, ഈ വര്‍ഷം നടന്ന ഐ പി എല്‍ ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാന്‍ പാക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. കഴിഞ്ഞ വര്‍ഷം മുംബൈ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഐപിഎല്ലില്‍ കളിക്കുന്നതില്‍ നിന്ന് പാക് കളിക്കാരെ പിസിബി വിലക്കുകയായിരുന്നു.
എന്നാല്‍, അടുത്ത ഐ പി എല്‍ ടൂര്‍ണമെന്‍റില്‍ താരങ്ങള്‍ക്ക് പങ്കെടുക്കാമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡും സര്‍ക്കാറും അറിയിച്ചിരുന്നു. അടുത്ത ഐ പി എല്ലില്‍ കളിക്കാന്‍ അനുമതി ലഭിച്ചതായി പാക് സീനിയര്‍ താരം അബ്ദുള്‍ റസാഖ് അറിയിച്ചു.
അടുത്ത ദിവസങ്ങളില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായി താന്‍ കരാര്‍ ഒപ്പിടുമെന്നും റസാഖ് സൂചന നല്‍കി. ഈ മാസം ഇരുപതിനകം പാക് കളിക്കാര്‍ ബാധ്യതാരഹിത സര്‍ട്ടിഫിക്കേറ്റുകള്‍ ഹാജരാക്കണമെന്ന് ഐപിഎല്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു.
പാക് കളിക്കാര്‍ക്ക് ഐപിഎല്ലിന്‍റെ അടുത്ത സീസണില്‍ കളിക്കാന്‍ തടസമൊന്നുമില്ലെന്ന് അടുത്തിടെ പാക് കായികമന്ത്രി അഫ്താബ് ഷാ ജിലാനിയും പറഞ്ഞിരുന്നു.