ടീം അംഗങ്ങളുടെ മേല്‍ നിയന്ത്രണം നഷ്ടമായെന്ന് യൂനിസ്
കറാച്ചി, വ്യാഴം, 12 നവംബര്‍ 2009( 13:08 IST )
PRO
ടീം അംഗങ്ങളുടെ മേലുളള നിയന്ത്രണം നഷ്ടമായതിനാലാണ് താന്‍ പാക് ക്രിക്കറ്റ് ടീം നായകസ്ഥാനത്തു നിന്ന് മാറി നിന്നതെന്ന് യൂനിസ് ഖാന്‍. പി സി ബി ചെയര്‍മാനെ കണ്ട് തനിക്ക് വിശ്രമം വേണമെന്ന് നേരിരിട്ട് ആവശ്യപ്പെടുകയായിരുന്നുവെന്നും ഒരു ക്രിക്കറ്റ് വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ യൂനിസ് വ്യക്തമാക്കി.
നായകന് ടീം അംഗങ്ങളെ നിയന്ത്രിക്കാനാവുന്നില്ലെങ്കില്‍ പിന്നെ നായകസ്ഥാനത്ത് തുടരുന്നതില്‍ എന്താണ് അര്‍ത്ഥമുള്ളത്. കഴിഞ്ഞ മൂന്നു നാലു മാസങ്ങള്‍ ക്രിക്കറ്റില്‍ മാത്രമല്ല ക്രിക്കറ്റിനു പുറത്തും എനിക്ക് ശരിക്കും പരീക്ഷണ കാലഘട്ടമായിരുന്നു. ഇതില്‍ നിന്ന് മോചനം നേടാന്‍ എനിക്കല്‍പ്പം വിശ്രമം വേണം-യൂനിസ് പറഞ്ഞു.
ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് ശേഷം ടീമിലെ ഒമ്പതോളം താരങ്ങള്‍ യൂനിസിനെ മാറ്റണമെന്ന് പി സി ബി ചെയര്‍മാന്‍ ഇജാസ് ബട്ടിനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. അന്ന് യൂനിസ് നായകസ്ഥാനം രാജിവെച്ചിരുന്നെങ്കിലും പി സി ബി ഇത് തള്ളുകയായിരുന്നു.