പാകിസ്ഥാനെ ട്വന്‍റി-20 ലോകകപ്പ് നേട്ടത്തിലേക്ക് നയിച്ച് മാസങ്ങള്‍ തികയുന്നതിനു മുന്‍പ് യൂനിസ് ഖാനെ പാക് ക്രികറ്റ് ബോര്‍ഡ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് പുറത്താക്കി. മധ്യനിര ബാറ്റ്‌സ്മാന്‍ മുഹമ്മദ് യൂസഫാണ് പാകിസ്ഥാന്‍റെ പുതിയ നായകന്‍. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ യൂസഫായിരിക്കും പാകിസ്ഥാനെ നയിക്കുക. വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മലാണ് പുതിയ വൈസ് ക്യാപ്റ്റന്‍.
ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ പാകിസ്ഥാന്‍റെ തോല്‍വിയാണ് യുനിസിനെ പുറത്താക്കിയതിനു പിന്നില്‍ എന്നാണ് ഔദ്യോഗിക ഭാഷ്യം. എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫി സെമിഫൈനലിലും ഓസ്ട്രേലിയക്കെതിരായ ഗ്രൂപ്പ് മത്സരത്തിലും പാകിസ്ഥാനെതിരെ ഉയര്‍ന്ന ഒത്തുകളി ആരോപണമാണ് യൂനിസിനെ പുറത്താക്കിയതിനു പിന്നിലെന്നാണ് സൂചന.
ഇതിനു പുറമെ നായകനെന്ന നിലയില്‍ യൂനിസ് മറ്റ് കളിക്കാരുമായി ആശയവിനിമയം നടത്തുന്നതില്‍ പരാജയമാണെന്ന് അഫ്രീദിയടക്കമുള്ള സീനിയര്‍ താരങ്ങള്‍ പരാതിപ്പെടുകയും ചെയ്തിരുന്നു. ന്യൂസിലന്‍ഡിനെതിരായ അവസാന ഏകദിനത്തില്‍ മുഹമ്മദ് യൂസഫിനെ വിശ്രമം എന്ന പേരില്‍ ഒഴിവാക്കിയിരുന്നു. ഇതില്‍ രോഷാകുലനായ യൂസഫ് ഒരു പാക് മധ്യമത്തൊട് തന്നെ ഒഴിവാക്കിയതിനെതിരെ രൂക്ഷമായി പ്രതികരിക്കുകയും ചെയ്തിരുന്നു.
ഒത്തുകളി വിവാദം ഉയര്‍ന്ന ഉടനെ യൂനിസ് രാജിവെച്ചിരുന്നെങ്കിലും പാക് ക്രികറ്റ് ബോര്‍ഡ് യൂനിസിന്‍റെ രാജി തള്ളുകയും കൂടുതല്‍ അധികാരത്തൊടെ ആ സ്ഥാനത്ത് തുടരാന്‍ അനുവദിക്കുകയുമായിരുന്നു.