മുംബൈയില്‍ നടക്കുന്ന ഏഴാം എകദിനത്തില്‍ പരമ്പര തോല്‍ക്കുമെന്ന സമ്മര്‍ദ്ദമില്ലാതെ ഇന്ത്യക്കിന്നി ധൈര്യമായി ഓസ്ട്രേലിയയെ നേരിടാം. ഡൌം ബോളിംഗറുടെയും മിച്ചല്‍ ജോണ്‍സന്‍റെയും തീയുണ്ടകള്‍ക്ക് മുന്നില്‍ പേടിച്ചോടിയ ധോണിപ്പടയുടെ പേരുകേട്ട ബാറ്റിംഗ് നിര ഏകദിന പരമ്പര ഓസീസിന് അടിയറവെച്ചു. പരുക്കുകൊണ്ട് വലഞ്ഞ ഓസീസിനെ പരുക്കന്‍മാരുടെ നിരയെന്ന് വിളിച്ച് കൂവിയവര്‍ക്ക് തങ്ങളുടെ ബി ടീം പോലും ഇന്ത്യക്ക് അധികമാണെന്ന് പോണ്ടിംഗും സംഘവും തെളിയിച്ചു കൊടുത്തു. ആറാം ഏകദിനത്തില്‍ ആറുവിക്കറ്റിന്‍റെ ആധികാരിക ജയവുമായാണ് ഓസീസ് പരമ്പരയില്‍ 4-2 ന്‍റെ അനിഷേധ്യ ലീഡ് നേടിയത്.
ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ തലയറുത്ത മിച്ചല്‍ ജോണ്‍സണും (39/3), നടുവൊടിച്ച ഡൌ ബോളിംഗറും (35/5), വാലരിഞ്ഞ ഷെയിന്‍ വാട്സണും (27/2) ചേര്‍ന്നാണ് ഓസീസി ജയം അനായാസമാക്കിയത്. ബോളിംഗര്‍ തന്നെയാണ് കളിയിലെ കേമന്‍. വാലില്‍ കുത്തി ഇന്ത്യ ഉയര്‍ത്തിയ 170 റണ്‍സിന്‍റെ വിജയ ലക്‍ഷ്യം എട്ടോവറും ആറു വിക്കറ്റും ബാക്കി നിര്‍ത്തിയാണ് ഓസീസ് മറികടന്നത്. സ്കോര്‍ ഇന്ത്യ: 48 ഓവറില്‍ 170, ഓസ്ട്രേലിയ 41.5 ഓവറില്‍ 172.
ടോസിലെ ആനുകൂല്യം നഷ്ടമാക്കുന്നതില്‍ ഒരിക്കല്‍ കൂടി മിടുക്ക് കാട്ടിയ ധോണി കുഴിച്ച കുഴിയില്‍ വീഴുകയായിരുന്നു ഇന്ത്യ. ടോസ് നേടിയിട്ടും ആദ്യ അരമണിക്കൂര്‍ ഈര്‍പ്പമുള്ള പിച്ചില്‍ ഓസീസ് ബൌളര്‍മാര്‍ അപകടകാരികളാവുമെന്ന് അറിഞ്ഞിട്ടും ധോണി ബാറ്റിംഗ് തെരഞ്ഞെടുത്തു. മിച്ചല്‍ ജോണ്‍സണ്‍ എറിഞ്ഞ ആദ്യ ഓവറിലെ രണ്ടാം പന്ത് തന്നെ സിക്സര്‍ പറത്തി വീരേന്ദര്‍ സേവാഗ് ഇന്ത്യന്‍ നായകന്‍റെ മുഖത്ത് ചിരി വിരിയിച്ചു.
എന്നാല്‍ ആ ചിരിക്ക് അധികം ആയുസ്സുണ്ടായിരുന്നില്ല. നാലാം പന്തില്‍ സേവാഗിന്‍റെയും (6), ആറാം പന്തില്‍ ഗൌതം ഗംഭീറിന്‍റെയും (0) വിക്കറ്റുകള്‍ വായുവില്‍ പറത്തിയാണ് ജോണ്‍സണ്‍ മറുപടി നല്‍കിയത്. ജോണ്‍സന്‍റെ ഇരട്ട പ്രഹരത്തിന്‍റെ ആഘാതത്തില്‍ നിന്ന് പതുക്കെ തല പൊക്കാനൊരുങ്ങിയ ഇന്ത്യയെ ഡൌ ബോളിംഗര്‍ പത്തിയില്‍ തന്നെ അടിച്ചിരുത്തി. 10 റണ്‍സെടുത്ത സച്ചിനെയും ആറു റണ്‍സെടുത്ത യുവരാജിനെയും മടക്കി ബോളിംഗര്‍ ഇന്ത്യയെ ഞെട്ടിച്ചു.
PRO
പിന്നാലെ വന്ന സുരേഷ് റെയ്‌ന (0) ജോണ്‍സന്‍റെ പന്തില്‍ ഹൌറിറ്റ്സിന് അനായാസ ക്യാച്ച് നല്‍കി മടങ്ങിയതോടെ ഇന്ത്യ 50ല്‍ താഴെ ഒതുങ്ങുമെന്ന് കരുതി. എന്നാല്‍ തട്ടിയും മുട്ടിയും ഇടക്ക് ഓസീസ് ഫീല്‍ഡര്‍മാരുടെ കനിവിലും മുന്നേറിയ ധോണി-ജഡേജ സഖ്യം ഇന്ത്യയെ 50 കടത്തി. സ്കോര്‍ 75ല്‍ എത്തി നില്‍ക്കെ ധോണിയെ വിക്കറ്റിനു മുന്നില്‍ കുടുക്കി ബോളിംഗര്‍ രണ്ട് പന്തുകള്‍ക്ക് ശേഷം ഹര്‍ഭജനെയും മടക്കിയതോടെ സ്റ്റേഡിയം നിശബ്ദമായി.
ജഡേജയെയും ഭാഗ്യത്തെയും കൂട്ടുപിടിച്ച് പ്രവീണ്‍ കുമാര്‍ നടത്തിയ പ്രത്യാക്രമണം ഇന്ത്യന്‍ സ്കോര്‍ 150 കടത്തി. ഒടുവില്‍ ഇന്ത്യ പൊരുതാവുന്ന സ്കോര്‍ നേടുമെന്ന് കരുതിയ ഘട്ടത്തില്‍ ജഡേജയെയും (57) പവലിയനില്‍ എത്തിച്ച് ബോളിംഗര്‍ ഇന്ത്യയുടെ കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കി. നെഹ്‌റയെയും (4), മുനാഫിനെയും (0) മടക്കി വാട്സണ്‍ ഇന്ത്യന്‍ വാലരിഞ്ഞു. 54 റണ്‍സുമായി പ്രവീണ്‍ കുമാര്‍ തല ഉയര്‍ത്തി പവലിയനിലേക്ക് നടന്നു.
മറുപടി ബാറ്റിംഗില്‍ തുടക്കത്തിലേ ഷോണ്‍ മാര്‍ഷിനെ (6) പട്ടേല്‍ മടക്കിയെങ്കിലും പോണ്ടിംഗും( 25), വാട്സണും (49) വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. 25 റണ്‍സെടുത്ത വൈറ്റിന്‍റെ വിക്കറ്റ് കൂടി നഷ്ടമാക്കി ഓസീസ് പരമ്പര കൈപ്പിടിയിലൊതുക്കി. 35 റണ്‍സെടുത്ത ഹസിയ്ക്ക് 23 റണ്‍സെടുത്ത ആദം വോഗ്സ് വിജയത്തില്‍ കൂട്ടായി നിന്നു. ഇന്ത്യക്ക് വേണ്ടി ഹര്‍ഭജന്‍ രണ്ടും റെയ്‌ന മുനാഫ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.