ഇന്ത്യക്കെതിരെ ഏകദിന പരമ്പര വിജയം ഓസ്ട്രേലിയക്ക് 171 റണ്‍സ് അകലെ. തോറ്റാല്‍ പരമ്പര നഷ്ടമെന്ന സമ്മര്‍ദ്ദത്തില്‍ ടോസ് നേടി ബാററ്റിംഗിനിറങ്ങിയ ഇന്ത്യയുടെ പേരുകേട്ട ബാറ്റിംഗ് നിര ഡൌ ബോളിംഗറുടെയും മിച്ചല്‍ ജോണ്‍സന്റെയും തീയുണ്ടകള്‍ക് മുന്നില്‍ പകച്ചു നിന്നപ്പോള്‍ 48 ഓവറില്‍ 170 റണ്‍സിന് എല്ലാവരും പവലിയിനിലെത്തി.
54 റണ്‍സുമായ പ്രവിണ്‍ കുമാര്‍ തലകുനിക്കാതെ പവലിയിനിലേക്ക് മടങ്ങി. ഭാഗ്യത്തിന്റെ പിന്തുണയോടെ 57 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. നാലു പേര്‍ മാത്രമാണ്‍് ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ രണ്ടക്കം കടന്നത്.
ആദ്യ ഓവറിലെ രണ്ടാം പന്തു തന്നെ ജോണ്‍സണെ സിക്സറിനു പറത്തി സേവാഗ് പ്രതീക്ഷ നല്‍കിയെങ്കിലും നാലാം പന്തില്‍ സേവാഗിന്‍റെ മിഡില്‍ സ്റ്റമ്പിളക്കിയാണ് ജോണ്‍സണ്‍ മറുപടി നല്‍കിയത്. അടുത്തത് ഗംഭീറിന്‍റെ ഊഴമായിരുന്നു. നേരിട്ട രണ്ടാം പന്തില്‍ തന്നെ സ്ഥിരതയുടെ പര്യായമായ ഗംഭീറിന്‍റെ (0) ഓഫ് സ്റ്റമ്പ് വായുവില്‍ പറന്നു. ആദ്യ ഓവര്‍ കഴിയുമ്പോള്‍ ആറിന് രണ്ടെന്ന നിലയില്‍ നിന്ന് സച്ചിനും യുവരാജും രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനിടെ അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ സച്ചിനെ (10) സ്വന്തം പന്തില്‍ പിടികൂടി ബോളിംഗര്‍ ഇന്ത്യയെ ഞെട്ടിച്ചു. സ്കോര്‍ 23/3.
ഏഴാം ഓവറില്‍ ബോളിംഗര്‍ വീണ്ടും ആഞ്ഞടിച്ചു. ഇത്തവണ ആ കൊടുങ്കാറ്റില്‍ യുവരാജ് സിംഗിന്‍റെ (6) ബെയില്‍സ് പറന്നു. കഴിഞ്ഞ കളിയിലെ ഹീറോ സുരേഷ് റെയ്‌നയും (0) ക്രീസ് സന്ദര്‍ശിച്ച് ജോണ്‍സണ് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയതോടെ ഇന്ത്യ നാണക്കേടിന്‍റെ പടുകുഴിയിലായി. പിന്നീടെത്തിയ രവീന്ദ്ര ജഡേജ നല്‍കിയ ക്യാച്ച് സ്ലിപ്പില്‍ കാമറൂണ്‍ വൈറ്റും ധോണി നല്‍കിയ ക്യാച്ച് ആദം വോഗ്സും നിലത്തിട്ടില്ലായിരുന്നെങ്കില്‍ ഇന്ത്യ 50 കടക്കില്ലായിരുന്നു.
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ തിരിച്ചുവന്ന ബോളിംഗര്‍ നായകന്‍ ധോണിയെ (24) വിക്കറ്റിനു മുന്നില്‍ കുടുക്കി. ഹര്‍ഭജന്‍ സിംഗിന് (0) രണ്ടു പന്തിന്റെ ആയുസേ ഉണ്ടായിരുന്നുള്ളു. ബോളിംഗര്‍ തന്നെയാണ് ഹര്‍ഭജന്റെയും, ജഡേജയുടെയും അന്തകനായത്. ഒരു ഘട്ടത്തില്‍ 75/7 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ എട്ടം വിക്കറ്റില്‍ ജഡേജയും-പ്രവീണും ചേര്‍ന്ന് നേടിയ 74 റണ്‍സാണ് 150 കടത്തിയത്.
ഓസീസിനായി ബോളിംഗര്‍ 35 റന്‍സ് വഴങ്ങി അഞ്ചു വിക്കറ്റെടുത്തത്തപ്പോള്‍ ജോണ്‍സണ്‍ മൂന്നും വാട്സണ്‍ രണ്ടും വിക്കറ്റെടുത്ത് ഇന്ത്യന്‍ പതനം പൂര്‍ത്തിയാക്കി.