ഓസ്ട്രേലിയക്കെതിരായ അഞ്ചാം ഏകദിനത്തിലെ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ സ്പെഷല്‍ ഇന്നിംഗ്സ് 2011 ലോകകപ്പിലും ആവര്‍ത്തിക്കുമെന്ന് മുഖ്യ സെലക്ടര്‍ കൃഷ്ണമാചാരി ശ്രീകാന്ത്. 1983ലെ ലോകകപ്പില്‍ കപില്‍ ദേവ് സിംബാബ്‌വേക്കെതിരേ നേടിയ 175 റണ്‍സ് പ്രകടനത്തിനൊപ്പം നില്‍ക്കുന്നതായിരുന്നു സച്ചിന്‍റെ 175 റണ്‍സ് പ്രകടനമെന്നും ശ്രീകാന്ത് പറഞ്ഞു.
ഈ പ്രകടനത്തിലൂടെ താന്‍ എന്തുകൊണ്ടാണ് ഇപ്പോഴും ലോകക്രിക്കറ്റിലെ മികച്ച ബാറ്റ്സ്മനാകുന്നുവെന്ന് സച്ചിന്‍ ഒരിക്കല്‍ കൂടി തെളിയിച്ചു. താന്‍ കണ്ട ഏറ്റവും മികച്ച ഏകദിന ഇന്നിംഗ്സുകളിലൊന്നായിരുന്നു ഇത്. സച്ചിന്‍റെ പ്രകടനവും ഇന്ത്യക്ക് വിജയം കൊണ്ടുവന്നില്ല എന്നതില്‍ എനിക്ക് ഖേദമുണ്ട്. എല്ല റെക്കോര്‍ഡുകളും അദ്ദേഹത്തിന്‍റെ പേരിലായിരിക്കാം. എന്നാലും കളിയോടുള്ള അടങ്ങാത്ത അഭിനിവേശവും റണ്‍സ് നേടാനുള്ള ദാഹവുമാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.
യുവതാരങ്ങള്‍ക്ക് ശരിക്കും മാതൃകയാണ് സച്ചിന്‍. 350 റണ്‍സ് പിന്തുടരുക എന്നത് അത്ര എളുപ്പമല്ല. അദ്ദേഹം ഒറ്റയ്ക്കു തന്നെ മത്സരം ജയിപ്പിച്ചേനെ. ഇനി എല്ലാവരും ഉറ്റുനോക്കുന്നത് 2011ലോകകപ്പിലെ ടെന്‍ഡുല്‍ക്കര്‍ സ്പെഷലിനു വേണ്ടിയാണ്. ഇന്ത്യക്കായി ലോകകപ്പ് നേടിക്കൊടുക്കുക എന്നത് അദ്ദേഹത്തിന്‍റെ ആഗ്രഹമാണ്. അദ്ദേഹത്തിന് അതിന് കഴിയുമെന്നും ശ്രീകാന്ത് പറഞ്ഞു.