20 വര്‍ഷം നീണ്ട തന്‍റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്സുകളിലൊന്ന് കാഴ്ചവെച്ചിട്ടും ഇന്ത്യയെ വിജയ തിരത്തണക്കാന്‍ കഴിയാത്തതില്‍ സൂപ്പര്‍ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് നിരാശ. ഇത് തന്‍റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്സാണോ എന്ന ചോദ്യത്തിന് ‘മികച്ച ഇന്നിംഗ്സുകളിലൊന്ന്’ എന്നായിരുന്നു സച്ചിന്‍റെ മറുപടി.
നല്ല തുടക്കമാണ് നമുക്ക് ലഭിച്ചത്. മധ്യനിരയില്‍ ഞാനും സുരേഷും (റെയ്ന) ചേര്‍ന്ന് വിജയം കൈപ്പിടിയിലൊതുക്കുമെന്ന ഘട്ടത്തില്‍ ചില നിര്‍ണായക വിക്കറ്റുകള്‍ നഷ്ടമായതാണ് തോല്‍വിക്ക് കാരണം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറി 20 വര്‍ഷമായിട്ടും കളി തുടരുന്നതിന് കാരണം ക്രിക്കറ്റിനോടുള്ള തന്‍റെ അടങ്ങാത്ത അഭിനിവേശമാണെന്നും സച്ചിന്‍ പറഞ്ഞു.
ഇന്ത്യക്ക് വേണ്ടി കളിക്കുക എന്നത് ഒരു വികാരമാണ്. ഇതാണ് എന്നെ എല്ലാക്കാലത്തും പ്രചോദിപ്പിച്ചിട്ടുള്ളത്. റെയ്‌നയുമൊത്തുള്ള കൂട്ടുക്കെട്ടിനെയും സച്ചിന്‍ പ്രകീര്‍ത്തിച്ചു. റെയ്ന അസാമാന്യ പ്രതിഭയുള്ള കളിക്കാരനാണ്. ഞങ്ങളുടെ കൂട്ടുക്കെട്ടിലൂടെ മത്സരത്തില്‍ ആവേശം നിറക്കാനായി. എങ്കിലും മത്സരം നഷ്ടപ്പെട്ടതില്‍ നിരാശയുണ്ട്-സച്ചിന്‍ പറഞ്ഞു.
സച്ചിന്‍റെ പ്രകടനത്തെ നായകന്‍മാരായ മഹേന്ദ്ര സിംഗ് ധോണിയും റിക്കി പോണ്ടിംഗും പ്രകീര്‍ത്തിച്ചു. സച്ചിന്‍റെ എല്ലാ സെഞ്ച്വറിയും തനിക്ക് പ്രിയപ്പെട്ടതാണെങ്കിലും 1998ല്‍ ഷാര്‍ജയില്‍ ഓസ്ട്രേലിയക്കെതിരെ സച്ചിന്‍ നേടിയ സെഞ്ച്വറിയാണ് ആരാധകനെന്ന നിലയില്‍ തനിക്കേറ്റവും പ്രിയപ്പെട്ടതെന്ന് ധോണി പറഞ്ഞു. താന്‍ കണ്ട മികവുറ്റ ഇന്നിംഗ്സുകളിലൊന്നായിരുന്നു സച്ചിന്‍റേതെന്ന് ഓസീസ് നായകന്‍ റിക്കി പോണ്ടിംഗും വ്യക്തമാക്കി.