പടിക്കല്‍ കലമുടച്ചു!

ഹൈദരാബാദ്, വ്യാഴം, 5 നവംബര്‍ 2009( 22:55 IST )
ഓസ്ട്രേലിയയ്ക്കെതിരെ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യ പൊരുതിത്തോറ്റു. ഓസീസിന്‍റെ 350 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 347 റണ്‍സെടുത്ത് എല്ലാവരും പുറത്തായി. തോല്‍വി വെറും മൂന്ന് റണ്‍സിന്. ഇതോടെ ഏഴ് കളികളുള്ള പരമ്പരയില്‍ 3-2 എന്ന നിലയില്‍ ഓസീസ് മുന്നിലായി. സ്കോര്‍: ഓസ്ട്രേലിയ 350/4. ഇന്ത്യ - 347.
അവസാന നിമിഷം വരെ ആവേശം വിതച്ച മത്സരത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്‍റെ പുറത്താകലാണ് വഴിത്തിരിവായത്. വിജയത്തിന് 20 റണ്‍സ് അകലെ മാത്രമെത്തുമ്പോഴാണ് സച്ചിന്‍ പുറത്താകുന്നത്. അതോടെ പോരാട്ടത്തിന്‍റെ താളം തെറ്റി. ഒടുവില്‍ സിക്സര്‍ പറത്തി പ്രവീണ്‍ കുമാര്‍ ആവേശം സൃഷ്ടിച്ചെങ്കിലും 347 റണ്‍സ് വരെയേ അതിന് ആയുസുണ്ടായുള്ളൂ. പ്രവീണ്‍ റണ്‍ ഔട്ടായപ്പോള്‍ സ്റ്റേഡിയം നിശബ്ദമായി.
ഓസീസ് ഉയര്‍ത്തിയ 350 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യയുടെ അഞ്ചാം വിക്കറ്റില്‍ സുരേഷ് റെയ്നയും സച്ചിനും ചേര്‍ന്നാണ് വിജയപ്രതീക്ഷ വളര്‍ത്തിയത്. 59 റണ്‍സില്‍ റെയ്ന മടങ്ങിയെങ്കിലും സച്ചിന്‍ വെടിക്കെട്ട് തുടര്‍ന്നു. രവീന്ദ്ര ജഡേജയായിരുന്നു കൂട്ട്. ഒടുവില്‍ ഒരു സ്ലോ ബോളില്‍ അപകടകരമായി കളിച്ച സച്ചിന്‍ ഫീല്‍ഡറുടെ കൈകളിലൊതുങ്ങി. വിജയത്തിനരികിലെത്തിയ ശേഷമുള്ള അപ്രതീക്ഷിതമായ വീഴ്ച നല്‍കിയ നിരാശാഭാരത്തോടെയാണ് സച്ചിന്‍ കളം വിട്ടത്. പരാജയപ്പെട്ടെങ്കിലും സച്ചിന്‍ ആരാധകര്‍ക്ക് ആശ്വസിക്കാന്‍ വകയുണ്ട്. സച്ചിന്‍ ഏകദിനത്തില്‍ 17000 റണ്‍സ് തികയ്ക്കുകയും കൂറ്റന്‍ സെഞ്ച്വറി നേടുകയും ചെയ്തു എന്ന ആശ്വാസം.
ഷെയിന്‍ വാട്സണ്‍ തിരികൊളുത്തിയ ബാറ്റിംഗ് വെടിക്കെട്ടിന് ഷോണ്‍ മാര്‍ഷും കാമറൂണ്‍ വൈറ്റും ചേര്‍ന്ന് ആളിക്കത്തിച്ചപ്പോള്‍ ഇന്ത്യക്കെതിരെ ഓസീസ് മുന്നോട്ടുവച്ചത് റണ്‍ മല. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്ട്രേലിയയുടെ ബാറ്റ്സ്മാന്‍മാര്‍ പോണ്ടിംഗിന്‍റെ തീരുമാനത്തോട് വിശ്വാസ്യത പുലര്‍ത്തി.
ഷെയിന്‍ വാട്സണാണ് ആക്രമണങ്ങള്‍ക്ക് തുടക്കമിട്ടത്. ഇന്ത്യന്‍ പേസ് ബൌളര്‍മാരെ കാഴ്ചക്കാരാക്കി വാട്‌സന്‍റെ ബാറ്റില്‍ നിന്ന് പന്ത് ഉയര്‍ന്നും താണും ബൌണ്ടറി കടന്നപ്പോള്‍ ഷോണ്‍ മാര്‍ഷ് സിംഗിളുകളിലൂടെ ഇന്നിംഗ്സ് കരുപ്പിടിപ്പിക്കുയായിരുന്നു. ഒടുവില്‍ ഹര്‍ഭജന്‍റെ പന്തില്‍ വാട്സണ്‍(93) വീണതോടെ മാര്‍ഷ് വിശ്വരൂപം പുറത്തെടുത്തു.
112 പന്തില്‍ 112 റണ്‍സുമായി മാര്‍ഷ് ഓസീസ് ഇന്നിംഗ്സിന്‍റെ നെടുന്തൂണായപ്പോള്‍ കാമറൂണ്‍ വൈറ്റും (33 പന്തില്‍ 57), മൈക് ഹസിയും (22 പന്തില്‍ 31), റിക്കി പോണ്ടിംഗും (45 പന്തില്‍ 45) ഓസീസ് ഇന്നിംഗ്സിനെ ഉയരങ്ങളിലെത്തിച്ചു.
10 ഓവറില്‍ 44 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്ത ഹര്‍ഭജന്‍ സിംഗും ഏഴോവറില്‍ 36 റണ്‍സ് വഴങ്ങിയ യുവരാജ് സിംഗിനുമൊഴികെ മറ്റ് ഇന്ത്യ ബൌളര്‍മാരെല്ലാം കണക്കിന് തല്ലുവാങ്ങി.