ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് മുന്നില്‍ ഒരു റണ്‍മല കൂടി തലകുനിച്ചു. ഓസ്ട്രേലിയക്കെതിരായ അഞ്ചാം ഏകദിനത്തില്‍ ഹില്‍ഫെന്‍ഹസിനെ സ്ക്വയര്‍ ലെഗിലേക്ക് പറത്തി മൂന്നു റണ്‍സ് ഓടിയെടുത്ത സച്ചിന്‍ ഏകദിന ക്രിക്കറ്റില്‍ 17000 റണ്‍സെന്ന കൊടുമുടിയിലേക്ക് ഒറ്റക്ക് നടന്നു കയറി. തന്‍റെ നാല്‍പ്പത്തഞ്ചാം ഏകദിന സെഞ്ച്വറിയും സച്ചിന്‍ കുറിച്ചു.
സച്ചിന്‍റെ റെക്കോര്‍ഡ് നേട്ടത്തിനായി സ്റ്റേഡിയത്തില്‍ ആര്‍പ്പുവിളിച്ച പതിനായിരങ്ങള്‍ക്ക് ആശങ്കയുടെ നിമിഷങ്ങള്‍ സമ്മാനിച്ച് ഹില്‍ഫെന്‍ഹസിന്‍റെ നാലു പന്തുകള്‍ തടഞ്ഞിട്ട സച്ചിന്‍ വീണ്ടും സമ്മര്‍ദ്ദത്തില്‍ തട്ടി വീഴുമോ എന്ന് ഒരു നിമിഷം ശങ്കിച്ചെങ്കിലും ഒടുവില്‍ 17000വും സച്ചിനു മുന്നില്‍ തലകുനിച്ചു.
സച്ചിന്റെ 435-ആം ഏകദിനത്തിലാണ് സച്ചിന്‍ ഈ നേട്ടം കൈവരിച്ചത്. 81 പന്തിലാണ് സച്ചിന്‍ ഓസീസിനെതിരെ 100 തികച്ചത്. 10 ബൌണ്ടറികളും മൂന്ന് കൂറ്റന്‍ സിക്സറുകളും ഈ സെഞ്ചറിക്ക് തിളക്കമേകി. ഓസ്ട്രേലിയയ്ക്കെതിരെ സച്ചിന്‍റെ ഒമ്പതാം സെഞ്ച്വറിയാണ് ഇത്. 91 ഏകദിന അര്‍ധ സെഞ്ച്വറികളും സച്ചിന്‍റെ നേട്ടത്തിന് മകുടം ചാര്‍ത്തുന്നു. ഇത്രയും മത്സരങ്ങളില്‍ നിന്നായി 154 വിക്കറ്റുകളും സച്ചിന്‍ പോക്കറ്റിലാക്കിയിട്ടുണ്ട്.