അഞ്ചാം ഏകദിനത്തില്‍ ഓസ്ട്രേലിയയും ഇന്ത്യയും ഇന്ന് ഏറ്റുമുട്ടും. രണ്ട് കളികള്‍ വിതം ജയിച്ച് പരമ്പരയില്‍ സമനില പാലിച്ചിരിക്കുന്ന ഇരു ടീമിനും ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണ്ണായകമാകും. നാലാം കളിയില്‍ നിന്ന് വിട്ടുനിന്ന ഗംഭീര്‍ തിരിച്ചെത്തുന്ന ആശ്വാസത്തിലാണ് ഇന്ത്യ.
ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ പകലും രാത്രിയുമായിട്ടാണ് മത്സരം. ഗംഭീര്‍ തിരിച്ചെത്തുന്നതോടെ ബാറ്റിംഗ് നിര ശക്തമവുമെന്ന കണക്കുകൂട്ടലിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി. രണ്ടും മൂന്നും ഏകദിനങ്ങളില്‍ അര്‍ധ സെഞ്ച്വറി നേടിയ ഗംഭീര്‍ ഇന്ത്യന്‍ ജയത്തിന് മികച്ച അടിത്തറ ഒരുക്കിയിരുന്നു.
അതേസമയം പരുക്ക് ശക്തിചോര്‍ത്തിയ നിലയിലാണ് ഓസീസ്. പരുക്കിന്‍റെ പിടിയില്‍ പെട്ട് നേരത്തെ മടങ്ങിയ ബ്രെറ്റ് ലീ, ടിം പെയ്ന്‍, ജെയിംസ് ഹോപ്സ്, പീറ്റര്‍ സിഡില്‍ എന്നിവര്‍ക്കൊപ്പം ഓള്‍ റൌണ്ടര്‍ ഹെന്‍റിക്കസും കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങിയിരുന്നു. പരുക്കിന്‍റെ പിടിയിലാണെങ്കിലും ടീമില്‍ തുടരുന്ന മിച്ചല്‍ ജോണ്‍സന് ഫോമിലേക്ക് എത്താനാകുമോ എന്നതും റിക്കി പോണ്ടിംഗിനെ ആശങ്കയിലാക്കുന്നുണ്ട്.