പരുക്കിനെ തുടര്‍ന്ന് ഓസ്ട്രേലിയക്കെതിരയ നാലാം ഏകദിനത്തില്‍ കളിക്കാതിരുന്ന ഗൌതം ഗംഭീര്‍ നാളെ നടക്കുന്ന അഞ്ചാം ഏകദിനത്തില്‍ കളിക്കുമെന്ന് ഇന്ത്യന്‍ ടീം മാനേജ്‌മെന്‍റ് വ്യക്തമാക്കി. രണ്ടും മൂന്നും ഏകദിനങ്ങളില്‍ അര്‍ധ സെഞ്ച്വറി നേടിയ ഗംഭീര്‍ ഇന്ത്യന്‍ ജയത്തിന് മികച്ച അടിത്തറ ഒരുക്കിയിരുന്നു.
എന്നാല്‍ നാലാം ഏകദിനത്തില്‍ കളിക്കാതിരുന്ന ഗംഭീറിന് പകരം ടീമിലെത്തിയ വിരാട് കൊഹ്‌ലിക്ക് കാര്യമായി തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഓസ്ട്രേലിയ ഉയര്‍ത്തിയ 250 റണ്‍സ് വിജയലക്‍ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് ഗംഭീറിന്‍റെ അഭാവത്തില്‍ മികച്ചൊരു കൂട്ടൂക്കെട്ടുണ്ടാക്കാന്‍ കഴിഞ്ഞില്ല. ഇന്ത്യ 24 റണ്‍സിന് തോല്‍ക്കുകയും ചെയ്തു.
ഗംഭീര്‍ കൂടി തിരിച്ചെത്തുന്നതോടെ ഇന്ത്യന്‍ ബാറ്റിംഗ് നിര കൂടുതല്‍ ശക്തമവുമെന്നാണ് കരുതുന്നത്. അതേ സമയം പരുക്കേറ്റ വലയുന്ന ഓസ്ട്രേലിയന്‍ നിരയിലേക്ക് ഒരാള്‍ കൂടിയായി. ഓള്‍ റൌണ്ടര്‍ ഹെന്‍റിക്കസാണ് പരുക്കേറ്റ് പിന്‍മാറിയത്. നാലാം ഏകദിനത്തില്‍ കളിച്ച് പീറ്റര്‍ സിഡിലും പരുക്കേറ്റ് നാട്ടിലേക്ക് മടങ്ങിയിരുന്നു.