ഓസ്ട്രേലിയക്കെതിരായ നാലാം ഏകദൈനത്തില്‍ ഇന്ത്യക്ക് 251 റണ്‍സിന്‍റെ വിജയലക്‍ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 49.2 ഓവറില്‍ 250 റണ്‍സിന് ഓള്‍ ഔട്ടായി. അര്‍ധ സെഞ്ച്വറി നേടിയ നായകന്‍ റിക്കി പോണ്ടിംഗും (52), കാമറൂണ്‍ വൈറ്റും (62), ഷെയിന്‍ വാട്സണും (49), മൈക്ക് ഹസിയും (40) ഒഴികെ മറ്റ് ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ക്കൊന്നും രണ്ടക്കം കടക്കാനായില്ല.
ഇന്ത്യക്ക് വേണ്ടി ആശിഷ് നെഹ്‌റ മൂന്നും ഹര്‍ഭജന്‍ സിംഗ് രണ്ടും വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നാലു ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ റണ്ണൌട്ടായി. 38 ഓവറില്‍ 196/3 എന്ന മികച്ച നിലയില്‍ നിന്നാണ് ഓസീസ് 250ന് പുറത്തായത്. മൈക് ഹസിയുടെ വിക്കറ്റ് വീഴ്ത്തിയ യുവരാജാണ് കളിയില്‍ ഇന്ത്യയുടെ തിരിച്ചുവരവിന് അവസരമൊരുക്കിയത്.
44 ആം ഓവറില്‍ 221/5 എന്ന നിലയില്‍ അവസാന പവര്‍പ്ലേ എടുത്ത ഓസീസിന് 29 റണ്‍സ് കൂട്ടി ചേര്‍ക്കുമ്പോഴേക്കും ശേഷിക്കുന്ന വിക്കറ്റും നഷ്ടമാകുകയായിരുന്നു. പരുക്കേറ്റ ഗൌതം ഗംഭീറിന് പകരം ഇന്ത്യ വിരാട് കൊഹ്‌ലിക്ക് അവസരം നല്‍കിയപ്പോള്‍ ആഡം വോഗ്സിന് പകരം ഓസീസ് ഷോണ്‍ മാര്‍ഷിന് അവസരം നല്‍കി.