ഇന്ത്യ-ഓസ്ട്രേലിയ ഏകദിനപരമ്പരയിലെ നാലാം മത്സരം ഇന്ന് മൊഹാലിയില്‍ നടക്കും. ഇന്നത്തെ മത്സരം ജയിച്ചാല്‍ റാങ്കിംഗില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തും. അതേസമയം, ഇരുടീമുകളും പരുക്കിന്‍റെ പിടിയിലാണ്. ടീം ഇന്ത്യയുടെ ഓപ്പണര്‍ വീരേന്ദ്രസേവാഗും ഗൗതം ഗംഭീറും ഇന്ന് കളിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ട്.
ഡല്‍ഹിയില്‍ നടന്ന മൂന്നാം ഏകദിനത്തിലാണ് സേവാഗിനും ഗംഭീറിനും പരുക്കേറ്റത്. ഇരുവരും കളിക്കുമോ എന്ന കാര്യം ഇന്ന് തീരുമാനിക്കുമെന്ന് ബിസിസിഐ സെക്രട്ടറി എന്‍ ശ്രീനിവാസ് പറഞ്ഞു. പകരം വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തികിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഡല്‍ഹിയില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ഓസീസ് ബൌളര്‍ പീറ്റര്‍ സിഡിലിന്‍റെ യോര്‍ക്കര്‍ ബോള്‍ ഇടത് കാലില്‍ കൊണ്ടാണ് സെവാഗിന് പരുക്കേറ്റത്. എന്നാല്‍, ഓസീസ് നായകന്‍ റിക്കി പോണ്ടിംഗിന്‍റെ പുള്‍ ഷോട്ട് ചെവിക്ക് താഴെ കൊണ്ടാണ് ഗൌതം ഗംഭീറിന് പരുക്കു പറ്റിയത്.
ഏഴ് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയ നാലു റണ്‍സിന് ജയിച്ചിരുന്നു. ഓസീസ് ടീമും പരുക്കിന്‍റെ പിടിയിലാണ്. പരുക്കേറ്റ ബ്രെറ്റ് ലീയും വിക്കറ്റ് കീപ്പര്‍ പെയിനും, ജെയിംസ് ഹോപ്‌സും നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.