സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ടീം ഇന്ത്യയിലെ മുത്തശ്ശനാണെന്ന് യുവരാജ് സിംഗ്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കിയ സച്ചിനെ അഭിനന്ദിക്കുന്നതിനിടെയാണ് സച്ചിനെ ഇന്ത്യന്‍ ടീമിന്‍റെ മുത്തശ്ശനായി യുവി വിശേഷിപ്പിച്ചത്.
ഞങ്ങള്‍ ഇപ്പോള്‍ അദ്ദേഹത്തെ മുത്തശ്ശനെന്ന് വിളിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഈ പ്രായത്തിലും അദ്ദേഹം ഓരോ കളിയിലും പുതിയ പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നതു കാണുമ്പോള്‍ അത്ഭുതം തോന്നും. പൂര്‍ണതയിലേക്കുള്ള യാത്ര സച്ചിനെ സംബന്ധിച്ചിടത്തോളം അവസാനമില്ലാത്തതാണ്.
ഇനിയൊരു താരത്തിന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കാനാവുമെന്നും കരുതുന്നില്ല. ഓസ്ട്രേലിയക്കെതിരെ ഇന്ത്യയെ ആറു വിക്കറ്റ് വിജയത്തിലേക്ക് നയിച്ച ശേഷം യുവരാജ് പറഞ്ഞു.
1989-90ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ സച്ചിന്‍ 159 ടെസ്റ്റില്‍ നിന്ന് 12,777 റണ്‍സും 433 ഏകദിനങ്ങളില്‍ 16,953 റണ്‍സും നേടിയിട്ടുണ്ട്. 47 റണ്‍സ് കൂടി നേടിയാല്‍ സച്ചിന്‍ ഏകദിനത്തില്‍ 17,000 റണ്‍സെന്ന നാഴികക്കല്ല് പിന്നിടും.