ഓസീസിനെതിരെ ബുധനാഴ്ച നടക്കുന്ന രണ്ടാം ഏകദിനത്തില്‍ യുവരാജ് സിംഗ് ഇറങ്ങും. ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
യുവിയുടെ മടക്കം മധ്യനിരയില്‍ കാര്യമായ വ്യത്യാസമുണ്ടാക്കുമെന്ന് ധോണി പറഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ നടന്ന ഐസിസി ചാമ്പ്യന്‍സ് ലീഗിനിടെയാണ് യുവിക്ക് പരുക്കേറ്റിരുന്നത്. ഫിറ്റ്നസ് വീണ്ടെടുക്കാതിരുന്നതിനാല്‍ വഡോധരയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ യുവിക്ക് ഇറങ്ങാന്‍ കഴിഞ്ഞിരുന്നില്ല.
യുവിയുടെ അഭാവം ടീം ഇന്ത്യയുടെ മധ്യനിര ബാറ്റിംഗിന്‍റെ താളം തന്നെ തെറ്റിച്ചിരുന്നു. ചാമ്പ്യന്‍സ് ലീഗിലും ഓസീസുമായുള്ള ആദ്യ ഏകദിനത്തിലും യുവിയുടെ അഭാവം പ്രകടമായിരുന്നു.
തന്‍റെ ബാറ്റിംഗ് പൊസിഷന്‍ ഉയര്‍ത്തണമെന്ന ആദം ഗില്‍ക്രിസ്റ്റിന്‍റെയും മുന്‍ ഇന്ത്യന്‍ നായകന്‍ സൌരവ് ഗാംഗുലിയുടെയും അഭിപ്രായത്തോട് പ്രതികരിക്കവേ നിലവിലെ ബാറ്റിംഗ് ഓര്‍ഡറിനെ അത് ദോഷകരമായി ബാധിക്കുമെന്ന് ധോണി ചൂണ്ടിക്കാട്ടി. സച്ചിനും സെവാഗിനും ശേഷം മൂന്നും നാലും പൊസിഷനില്‍ ഇറങ്ങാന്‍ ഗംഭീറും യുവരാജും ഉണ്ട്. അതുകൊണ്ടുതന്നെ തനിക്ക് സ്ഥാനക്കയറ്റത്തിന്‍റെ ആവശ്യമില്ലെന്ന് ധോണി വിശദീകരിച്ചു.
ബൌളിംഗ് മെച്ചപ്പെടുത്താനാണ് ടീം പ്രാധാന്യം നല്‍കുന്നതെന്നും ധോണി പറഞ്ഞു.