ക്രിക്കറ്റില്‍ കൂടുതല്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കണമെന്ന് ഇന്ത്യന്‍ സൂപ്പര്‍ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. കളിയില്‍ അമ്പയര്‍മാരുടെ ഇടപെടല്‍ കുറച്ചുകൊണ്ടുവരണമെന്നും അമ്പയര്‍മാരുടെ തീരുമാനം എല്‍ ബി ഡബ്ലിയുവില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്നും ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സച്ചിന്‍ പറഞ്ഞു.
നോബോളുകള്‍ എറിയുന്നുണ്ടോ എന്ന് നോക്കുന്നതിനൊപ്പം തന്നെ ആ പന്തില്‍ എന്ത് സംഭവിക്കുന്നു എന്ന് ശ്രദ്ധിക്കുകയും ചെയ്യുക എന്നത് അമ്പയര്‍മാരെ സംബന്ധിച്ചിടത്തൊളം ശ്രമകരമായ ജോലിയാണ്. അതിനാല്‍ ഇത്തരം ലൈന്‍ തീരുമാനങ്ങള്‍ ടെന്നീസിലേതുപോലെ സാങ്കേതികതയുടെ സഹായത്തോടെ നിര്‍ണയിക്കുന്ന സംവിധാനം നിലവില്‍ വരണം.
അതു പോലെ എല്‍ ബി ഡബ്ലിയു വിധിക്കുമ്പോള്‍ വിവാദമാവാറുള്ള ബാറ്റ് ആന്‍ഡ് പാഡ് തീരുമാനങ്ങളിലും ഇത്തരത്തില്‍ സാങ്കേതികവിദ്യയുടെ സഹായം തേടാവുന്നതാണ്. വിക്കറ്റിനു പിന്നിലെടുക്കുന്ന ക്യാച്ചുകളും ക്ലോസ് ക്യാച്ചുകളും സാങ്കേതികവിദ്യയുടെ സഹായത്തോടെ തീരുമാനിക്കാം. അമ്പയര്‍മാര്‍ എല്‍ ബി ഡബ്ലിയു മാത്രം തീരുമാനിച്ചാല്‍ മതി.
അമ്പയര്‍മാര്‍ക്ക് വിശമം നല്‍കുന്നതിനായി അവരെ സെഷന്‍ തിരിച്ച് പരീക്ഷിക്കാവുന്നതാണെന്നും സച്ചിന്‍ പറഞ്ഞു. ഒരു സെഷനില്‍ ഒരു അമ്പയര്‍ എന്ന രീതിയുലുള്ള പരീക്ഷണം അമ്പയര്‍മാര്‍ക്ക് ആവശ്യത്തിന് വിശ്രമം നല്‍കും. ഒരു മത്സരത്തിനായി മൂന്ന് അമ്പയര്‍മാരെ ഇത്തരത്തില്‍ നിയോഗിക്കാം.
എന്നാല്‍ നിലവിലുള്ള റഫറല്‍ സമ്പ്രദായത്തോട് തനിക്ക് യോജിപ്പില്ലെന്നും സച്ചിന്‍ പറഞ്ഞു. ടെലിവിഷനില്‍ വരുന്ന പന്തിന്‍റെ ആംഗിളും യഥാര്‍ത്ഥ ആംഗിളും തമ്മില്‍ വ്യത്യാസമുണ്ടാവാമെന്നതിനാലാണിതെന്നും സച്ചിന്‍ വ്യക്തമാക്കി.