ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ നാലു റണ്‍സിന് തോല്‍വി വഴങ്ങേണ്ടി വന്നത് ബാറ്റ്‌സ്മാന്‍മാരുടെ ഉത്തരവാദിത്തമില്ലായ്‌മമൂലമാണെന്ന് ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി. പരമ്പരയില്‍ ശക്തമായി തിരിച്ചുവരുമെന്നും ധോണി പറഞ്ഞു.
ഓസിസ് ഉയര്‍ത്തിയ വിജയലക്‍ഷ്യം മറികടക്കാവുന്നതായിരുന്നു. എന്നാല്‍ പവര്‍പ്ലേയില്‍ നാലു വിക്കറ്റുകള്‍ നഷ്ടമായതാണ് തിരിച്ചടിയായത്. ഹര്‍ഭജന്‍റെയും പ്രവീണ്‍ കുമാറിന്‍റെയും പോരാട്ടമാണ് മത്സരത്തില്‍ ആവേശമുയര്‍ത്തിയത്. ബൌളിംഗ് ഇപ്പോഴും തലവേദനയായി തുടരുകയാണ്. ഒരു ബാറ്റ്‌സ്മാന്‍ മാത്രം അര്‍ധ സെഞ്ച്വറി നേടിയത് കൊണ്ട് മറികടക്കാവുന്നതല്ല 293 റണ്‍സ് പോലൊരു സ്കോര്‍.
പരിചയസമ്പത്തേറെയുളള നമ്മുടെ ബാറ്റിംഗ് നിര അല്‍പ്പം കൂടി ഉത്തരവദിത്തം കാട്ടണം. മത്സരം പുരോഗമിക്കുന്തോറും പിച്ച് മന്ദഗതിയിലാവുമെന്നതിനാല്‍ 270 റണ്‍സിനടുത്തൊരു സ്കോറില്‍ ഓസീസിനെ പിടിച്ചുകെട്ടാനായിരുന്നു ശ്രമം. എന്നാല്‍ മൈക് ഹസിയുടെ ബാറ്റിംഗ് ഇന്ത്യയുടെ തന്ത്രങ്ങള്‍ തകിടം മറിച്ചുവെന്നും ധോണി പറഞ്ഞു.