ക്രിക്കറ്റ്‌ വാര്‍ത്ത | ലേഖനങ്ങള്‍ | ഇതിഹാസ താരങ്ങള്‍ | നിലവിലെ പരമ്പര | ഐപിഎല്‍ | ക്രിക്കറ്റ് സ്ഥിതിവിവരം | ക്രിക്കറ്റ് ടിക്കര്‍ | ചാമ്പ്യന്‍സ് ട്രോഫി09
പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ക്രിക്കറ്റ്‌ വാര്‍ത്ത » ശ്രീശാന്തിനെ മാറ്റില്ല: അവസാന അവസരമെന്ന് കെസി‌എ (KCA Decided to give last chance to Sreesanth)
Feedback Print Bookmark and Share
 
PRO
കേരള രഞ്ജി ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും ശ്രീശാന്തിനെ തല്‍ക്കാലം മാറ്റില്ലെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി. പക്ഷെ തെറ്റുകള്‍ ഇനിയും ആവര്‍ത്തിച്ചാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് അസോസിയേഷന്‍ യോഗത്തിന് ശേഷം സെക്രട്ടറി ടിസി മാത്യു മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

ക്യാപ്റ്റനായ ശേഷം ശ്രീശാന്ത് നടത്തിയ അച്ചടക്ക ലംഘനവും ഉത്തരവാദിത്വമില്ലാത്ത പെരുമാറ്റവും അക്കമിട്ട് നിരത്തിക്കൊണ്ടായിരുന്നു കെസി‌എയുടെ വാര്‍ത്താസമ്മേളനം. ഉത്തരവാദിത്വപ്പെട്ടവരെ അറിയിച്ചിട്ടാണ് ക്യാമ്പില്‍ നിന്ന് വിട്ടുനിന്നതെന്ന ശ്രീശാന്തിന്‍റെ അഭിപ്രായം ശരിയല്ലെന്നും ടിസി മാത്യു പറഞ്ഞു.

നിരവധി തവണ ശ്രീശാന്തിനെക്കുറിച്ച് പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്നും ഒരവസരം കൂടി നല്‍കുകയാണെന്നും ടിസി മാത്യു വ്യക്തമാക്കി. വിശാഖപട്ടണത്ത് കേരള ടീമിന് വേണ്ടി ട്വന്‍റി-20 ക്ക് പരിശീലനം നടന്നുകൊണ്ടിരിക്കെയാണ് കൌണ്ടിയില്‍ കളിക്കാന്‍ ശ്രീശാ‍ന്ത് പോയത്. പിന്നീട് രണ്ട് തവണ മെയില്‍ ചെയ്ത ശേഷമാണ് വാര്‍വിക്‍ഷേര്‍ ശ്രീശാന്തിനെ വിട്ടുനല്‍കിയത്.

തിരികെയെത്തിയ ശ്രീശാന്ത് ഒരു മത്സരത്തില്‍ മൂന്നോവര്‍ മാത്രമെറിഞ്ഞ ശേഷം ക്യാപ്റ്റനാണെന്ന ഉത്തരവാദിത്വം പോലും മറന്ന് കരയ്ക്ക് കയറിയിരിക്കുകയായിരുന്നു. ഇതിന് ശേഷം ഇറാനി ട്രോഫിയില്‍ പങ്കെടുക്കാന്‍ പോയതും അസോസിയേഷനെ അറിയിക്കാതെയാണ്.

കഴിഞ്ഞ പന്ത്രണ്ടിനാണ് തലശ്ശേരിയില്‍ രഞ്ജി ക്യാമ്പ് തുടങ്ങിയത്. പതിനൊന്നിന് ചലഞ്ചര്‍ സീരീ‍സ് ടൂര്‍ണ്ണമെന്‍റ് അവസാനിച്ചതിനാല്‍ പിറ്റേന്ന് ശ്രീശാന്ത് ക്യാമ്പിനെത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഈ ദിവസങ്ങളില്‍ അസോസിയേഷനെ ബന്ധപ്പെടുവാനോ ക്യാമ്പിലെത്താനോ ശ്രീശാന്ത് തയ്യാറായില്ല. പതിനാറാം തീയതി ശ്രീശാന്തിന്‍റെ അമ്മ തന്നെ വിളിച്ച് മകന്‍ ശബരിമലയ്ക്ക് പോയ ശേഷം രണ്ട് ദിവസം കഴിഞ്ഞ് 19 ന് ക്യാമ്പിലെത്തുമെന്ന് അറിയിക്കുകയായിരുന്നു. ശ്രീ വീട്ടിലുള്ള സമയത്ത് തന്നെയാണ് അമ്മ വിളിച്ചതെന്ന് ടിസി മാത്യു പറഞ്ഞു.

എന്നാല്‍ പിറ്റേന്ന് ശ്രീശാന്ത് വിളിച്ച് ദേശീയ സെലക്ഷന്‍ കമ്മറ്റി മേധാവി കെ.ശ്രീകാന്തിന്‍റെ മകന്‍റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. ഇന്ത്യന്‍ ടീമിലേക്ക് ഒരു പക്ഷെ വഴി തുറന്നേക്കാമെന്ന് കരുതി ഇക്കാര്യവും അനുവദിച്ചതായി ടിസി മാത്യു പറഞ്ഞു. 21 ന് കല്യാണം കഴിഞ്ഞ് തിരികെയെത്തേണ്ട ശ്രീശാന്ത് 27 വരെ ക്യാമ്പ് വിട്ടുനില്‍ക്കാന്‍ തന്നെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഒരു മെയില്‍ ചെയ്യുക മാത്രമാണ് ചെയ്തത്.

തുടര്‍ന്നാണ് കെസി‌എ ക്യാപ്റ്റന്‍റെ കാര്യത്തില്‍ കര്‍ശന നടപടിക്ക് തുനിഞ്ഞതെന്ന് ടിസി മാത്യു പറഞ്ഞു. ഇരുപത്തിമൂന്നിനുള്ളില്‍ ക്യാമ്പില്‍ ഹാജരാകണമെന്ന് ശ്രീശാന്തിനെ അറിയിച്ചു. ഇതും പാലിക്കാതെ വന്നതോടെയാണ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന നിര്‍ദ്ദേശമുയര്‍ന്നതെന്നും ടിസി മാത്യു വ്യക്തമാക്കി. തലശ്ശേരിയിലെ ക്യാമ്പില്‍ പങ്കെടുക്കാത്തപ്പോഴാ‍ണ് ഏതാണ്ട് എഴുപത് കിലോമീറ്റര്‍ അകലെയുള്ള ഒരു കോളേജില്‍ ശ്രീശാന്ത് സന്ദര്‍ശനം നടത്തിയതെന്ന് ടിസി മാത്യു ചൂണ്ടിക്കാട്ടി.

ദേശീയ തലത്തിലെ വിദഗ്ധരായ പരിശീ‍ലകരെ ഉപയോഗിച്ച് കേരള ടീമിനെ പരിശീലിപ്പിക്കുന്ന അവസരമാണിതെന്നും ഈ സാഹചര്യത്തില്‍ ക്യാപ്റ്റന്‍റെ ഈ രീതിയിലുള്ള പെരുമാറ്റം ന്യായീകരിക്കാനാകില്ലെന്നും ടിസി മാത്യു പറഞ്ഞു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍