ഇന്ത്യയെ വിലകുറച്ച് കാണുന്നില്ലെന്ന് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ്. ഏഴ് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി മുംബൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പോണ്ടിംഗ്.
ചാമ്പ്യന്‍സ് ട്രോഫിയില്‍ വിജയിക്കാനായത് ആത്മവിശ്വാസം നല്‍കുന്നുണ്ടെങ്കിലും ഇന്ത്യയില്‍ നിന്ന് കനത്ത വെല്ലുവിളി പ്രതീക്ഷിക്കുന്നുണ്ടെന്ന് പോണ്ടിംഗ് പറഞ്ഞു. മികച്ചതും ശക്തവുമായ ഏകദിന ടീമാണ് ഇന്ത്യ.
ഇന്ത്യയ്ക്കെതിരെ ഇന്ത്യയില്‍ കളിക്കുന്നത് എപ്പോഴും ഞങ്ങള്‍ ആസ്വദിച്ചിട്ടുണ്ട്. മത്സരാവേശവും വിനോദവും കൂടിച്ചേര്‍ന്ന ഒരു ഉഗ്രന്‍ പരമ്പരയാണ് വരും ദിവസങ്ങളില്‍ പ്രതീക്ഷിക്കുന്നതെന്നും പോണ്ടിംഗ് കൂട്ടിച്ചേര്‍ത്തു.
യുവത്വവും പരിചയസമ്പന്നതയും ഇടകലര്‍ന്ന ടീമുമായിട്ടാണ് ഓസീസ് ഇന്ത്യയിലെത്തിയിരിക്കുന്നത്. ഇംഗ്ലണ്ട് പര്യടനം മുതല്‍ കുറച്ച് ഏകദിനങ്ങളില്‍ മികച്ച പ്രകടനം നടത്താന്‍ ഓസീസിനായിട്ടുണ്ട്. ഈ രണ്ട് ഘടകങ്ങളും ഓസീസിന് അനുകൂലമാകുമെന്ന് പോണ്ടിംഗ് ചൂണ്ടിക്കാട്ടി. ചില കളിക്കാര്‍ ചാമ്പ്യന്‍സ് ലീഗ് ട്വന്‍റി-20 യില്‍ പങ്കെടുക്കുന്നതും ടീമിന് ഗുണകരമാകുമെന്നും പോണ്ടിംഗ് സൂചിപ്പിച്ചു. ഞായറാഴ്ചയാണ് ഇന്ത്യ-ഓസീസ് പരമ്പര ആരംഭിക്കുന്നത്.