ഇന്ത്യയുമായുള്ള ഏകദിന പരമ്പരയ്ക്കായി ഓസ്ട്രേലിയന്‍ ടീം മുംബൈയില്‍ എത്തി. ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗിന്‍റെ നേതൃത്വത്തിലാണ് ടീം എത്തിയിരിക്കുന്നത്. വിമാനത്താവളത്തിലിറങ്ങിയ ടീം ധൃതിയില്‍ താമസമൊരുക്കിയിരിക്കുന്ന ഹോട്ടലിലേക്ക് പോയി.
മുംബൈ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാ വലയമായിരുന്നു ടീമിന് വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നത്. ടീം താമസിക്കുന്ന ഹോട്ടലിലും അതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ഇന്ത്യയില്‍ പര്യടനം നടത്തിയപ്പോഴായിരുന്നു മുംബൈ ആക്രമണം ഉണ്ടായത്.
ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങുന്നതിനും മറ്റും ടീമംഗങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പരിശീലനത്തിനിറങ്ങുന്ന ഗ്രൌണ്ടിലും പൊലീസ് കര്‍ശന ജാഗ്രത പുലര്‍ത്തുന്നുണ്ട്. ഞായറാഴ്ചയാണ് പരമ്പര ആരംഭിക്കുന്നത്. ഏഴ് മത്സരങ്ങളാണ് പരമ്പരയില്‍ ഉള്ളത്. വഡോദരയിലാണ് ആദ്യ മത്സരം.
മുംബൈയില്‍ രണ്ട് പരിശീലന സെക്ഷനുകളില്‍ ഓസീസ് ടീം പങ്കെടുക്കും. വെള്ളിയാഴ്ച ടീം വഡോദരയ്ക്ക് പോകും. മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍റെ ബാന്ദ്ര-കുര്‍ല കോംപ്ലെക്സിലാണ് പരിശീലനം.