വെല്ലിംഗ്ടണ്‍, ചൊവ്വ, 13 ഒക്ടോബര്‍ 2009( 12:07 IST )
ന്യൂസിലാന്‍ഡ് ഓള്‍ റൌണ്ടര്‍ ജേക്കബ് ഓറം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇടവിട്ട് അലട്ടുന്ന പരുക്കിനെ തുടര്‍ന്നാണ് തീരുമാനം. ഏകദിനത്തിലും ട്വന്‍റി-20 യിലും തുടര്‍ന്നും കളിക്കുമെന്ന് ഓറം അറിയിച്ചിട്ടുണ്ട്.
ഏറെ ബുദ്ധിമുട്ടേറിയ തീരുമാനം എന്ന് വിശേഷിപ്പിച്ചാണ് ഓറം വിരമിക്കല്‍ വാര്‍ത്ത അറിയിച്ചത്. പരുക്ക് മൂലം അടുത്ത് നടന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്നും ഓറമിന് ഇടയ്ക്ക് മടങ്ങേണ്ടി വന്നിരുന്നു. ഒരു വര്‍ഷത്തില്‍ പത്ത് മാസവും ഒരു ഓള്‍ റൌണ്ടറായി ഗ്രൌണ്ടിലിറങ്ങുമ്പോള്‍ അതിന്‍റെ സമ്മര്‍ദ്ദം തന്‍റെ ശരീരത്തിന് താങ്ങാന്‍ കഴിയുന്നില്ലെന്ന് ഓറം ചൂണ്ടിക്കാട്ടി. തീരുമാനം തന്‍റെ ഏകദിന, ട്വന്‍റി-20 കരിയറില്‍ ഗുണകരമാകുമെന്നും ഓറം പ്രതീക്ഷ പ്രകടിപ്പിച്ചു.
ന്യൂസിലാന്‍ഡ് ടീം ടെസ്റ്റ് മത്സരങ്ങളേക്കാള്‍ പ്രാധാന്യം നല്‍കുന്നത് ഏകദിനങ്ങള്‍ക്കും ട്വന്‍റി-20 മത്സരങ്ങള്‍ക്കുമാണെന്ന് ഓറം ചൂണ്ടിക്കാട്ടി. 1780 റണ്‍സാണ് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് ഓറം നേടിയിട്ടുള്ളത്. അഞ്ച് സെഞ്ച്വറികളും ഇതില്‍ ഉള്‍പ്പെടും. 60 വിക്കറ്റുകളും ഓറം സ്വന്തമാക്കിയിട്ടുണ്ട്. 2006 ഏപ്രിലില്‍ സെഞ്ചൂറിയനില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നേടിയ 133 റണ്‍സാണ് ടെസ്റ്റില്‍ ഓറമിന്‍റെ ഉയര്‍ന്ന സ്കോര്‍.
ടെസ്റ്റിലെ തന്‍റെ കരിയര്‍ ഏറെ ആസ്വദിച്ചിട്ടുണ്ടെന്നും മധുരിക്കുന്ന ഒട്ടേറെ ഒര്‍മ്മകള്‍ ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് തനിക്ക് ലഭിച്ചിട്ടുണ്ടെന്നും മുപ്പത്തിയൊന്നുകാരനായ ഓറം കൂട്ടിച്ചേര്‍ത്തു.