ഇര്ഫാന് പത്താന്‍ തന്‍റെ മനസിനെ വ്രണപ്പെടുത്തിയെന്ന് പത്താനെ പൊതുവേദിയില്‍ ചുംബിക്കാനൊരുങ്ങിയതിന്‍റെ പേരില്‍ വിവാദത്തിലായ ഷാബിന ഖാട്ടൂണ്‍. സംഭവത്തിന് ശേഷം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷാബിനയുടെ പ്രതികരണം. പത്താനെ ഇപ്പോഴും ഇഷ്ടപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന് ഷാബിന നല്‍കിയ ഉത്തരമായിരുന്നു ഇത്.
ഇര്‍ഫാനെ ചുംബിക്കാനുള്ള ശ്രമത്തെ പൂര്‍ണ്ണമായും ന്യായീകരിച്ചാണ് ഷാബിന സംസാരിച്ചത്. എന്നാല്‍ താന്‍ എന്തോ തെറ്റായ പ്രവര്‍ത്തിക്ക് ശ്രമിക്കുന്ന പോലെയാണ് ഇര്‍ഫാന്‍ പെരുമാറിയത്. “ഈ തരത്തിലുള്ള പെരുമാറ്റം എന്നെ ഏറെ വേദനിപ്പിച്ചു. ഞാന്‍ ഒരു തെറ്റും ചെയ്യാന്‍ ശ്രമിച്ചില്ല. എന്നെ തള്ളിമാറ്റേണ്ട ആവശ്യവും ഇല്ലായിരുന്നു” ഷാബിന പറഞ്ഞു. തന്‍റെ മനസില്‍ മുറിവുണ്ടാക്കിയതിന് ഇര്‍ഫാന് മാപ്പ് നല്‍കില്ലെന്നും ഷാബിന കൂട്ടിച്ചേര്‍ക്കുന്നു.
സംഭവം കഴിഞ്ഞപ്പോള്‍ ലജ്ജയോ നാണക്കേടോ തോന്നിയോ എന്ന ചോദ്യത്തിന് എന്തിന് ഞാന്‍ ലജ്ജിക്കണം എന്ന മറുചോദ്യമാണുണ്ടായത്. രണ്ട് പേര്‍ കണ്ടുമുട്ടുമ്പോള്‍ ചുംബിച്ച് അഭിവാദ്യം പ്രകടിപ്പിക്കാറില്ലേ എന്നും നിഷ്കളങ്കമായി ഷാബിന ചോദിച്ചു. ചുംബനം നല്‍കണമെന്ന് നേരത്തെ കരുതിയിരുന്നില്ല. കാരണം ഇര്‍ഫാനെ നേരില്‍ കാണാന്‍ കഴിയുമെന്ന് ഒരു പ്രതീക്ഷയും ഇല്ലായിരുന്നു. ആ കടയില്‍ നിന്ന് ഇന്‍റര്‍നെറ്റ് കാര്‍ഡ് വാങ്ങിയത് മൂന്ന് ദിവസം മുമ്പാണെന്ന് ഷാബീന പറഞ്ഞു.
സംഭവത്തിന് ലഭിച്ച മാധ്യമപ്രചാരം തന്നെ ദു:ഖിപ്പിച്ചെന്ന് പറഞ്ഞ ഷാബീന കുടുംബത്തിന് ഇത് മൂലം ദോഷമുണ്ടാകാതിരുന്നാല്‍ മതിയെന്നും കൂട്ടിച്ചേര്‍ത്തു. മൂന്ന് സഹോദരിമാരും രണ്ട് സഹോദരന്‍മാരും ഷാബീനയ്ക്കുണ്ട്. തനിക്ക് ആരോടും പ്രണയമില്ലെന്നും ഉടനെയൊന്നും കല്യാണത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും പറഞ്ഞ ഷാബിന അതുകൊണ്ട് തന്നെ ഈ സംഭവം തന്നെ കാര്യമായി ബാധിക്കില്ലെന്നും കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ സഹോദരിമാരുടെ കാര്യത്തില്‍ ഈ വിഷയം വിപരീതഫലം ചെയ്യരുതെന്ന് മാത്രമാണ് ആഗ്രഹം ഷാബിന പറഞ്ഞു.
കൊല്‍ക്കത്തയിലെ ഇന്‍ഷൂറന്‍സ് കമ്പനി ജീവനക്കാരിയായ ഷാബീന കഴിഞ്ഞ ദിവസം ഒരു സമ്മാനദാന ചടങ്ങില്‍ വെച്ചാണ് ഇഷ്ടതാരമായ ഇര്‍ഫാനെ ചുംബിക്കാനൊരുങ്ങിയത്. ഇര്‍ഫാനില്‍ നിന്ന് സമ്മാനം സ്വീകരിച്ച ശേഷമായിരുന്നു കവിളില്‍ ഒരു ചുംബനം കൈമാറാനായി ഷാബിനയുടെ ശ്രമം. എന്നാല്‍ ഇര്‍ഫാന്‍ സമചിത്തതയോടെ ഷാബീനയെ തട്ടിമാറ്റുകയായിരുന്നു.
ഇര്‍ഫാന്‍ ശിവാംഗിയുമായി വിവാഹം ഉറപ്പിച്ചതിനാലാകാം തന്‍റെ ഉദ്യമത്തെ തെറ്റായി കണ്ടതെന്നും ഷാബിന പരിതപിക്കുന്നു. വേറെയാരോടെങ്കിലും ഇതുപോലെ കടുത്ത ആരാധനയുണ്ടോയെന്ന ചോദ്യത്തിന് മഹേന്ദ്രസിംഗ് ധോനിയുടെയും ഷാരൂഖ് ഖാന്‍റെയും പേരുകളായിരുന്നു മറുപടി. ഇര്‍ഫാന്‍റെ സ്ഥാനത്ത് ഇവര്‍ രണ്ട് പേരില്‍ ആരെങ്കിലുമായിരുന്നെങ്കില്‍ തന്നെ തട്ടിമാറ്റില്ലായിരുന്നെന്നും ഷാബിന പറയുന്നു.
ഏതായാലും ഷാരൂഖും ധോനിയും ജാഗ്രതൈ! കാരണം നിങ്ങളും ഒരു ചടങ്ങില്‍ ഇനി ഷാബിനയെ കണ്ടുമുട്ടാനിട വന്നേക്കും. രണ്ട് വര്‍ഷം മുന്‍പ് ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെ ഒരു ആരാധിക ചുംബിക്കാന്‍ ശ്രമിച്ചതും വിവാദമായിരുന്നു.