കൊല്‍ക്കത്ത, തിങ്കള്‍, 17 ഓഗസ്റ്റ് 2009( 19:08 IST )
PRO
ബൌണ്‍സറുകളും യോര്‍ക്കറുകളും എറിഞ്ഞ് ബാറ്റ്‌സ്മാന്‍മാരെ വട്ടംകറക്കുന്ന ഇര്‍ഫാന്‍ പത്താനെ ചുംബന ബൌണ്‍സര്‍ എറിഞ്ഞ് വീഴ്ത്താന്‍ ആരാധികയുടെ ശ്രമം. ആദ്യമൊന്നു പതറിയെങ്കിലും ആരാധികയുടെ ബൌണസറില്‍ നിന്ന് വിദഗ്ധമായി ഒഴിഞ്ഞുമാറിയ ഇര്‍ഫാന്‍ അധികം പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
കൊല്‍ക്കത്തയില്‍ ഒരു പ്രമോഷണല്‍ ചടങ്ങില്‍ സമ്മാന വിതരണത്തിനെത്തിയതായിരുന്നു ഇര്‍ഫാനും സഹോദരന്‍ യൂസഫ് പത്താനും. ഇര്‍ഫാനില്‍നിന്ന് സമ്മാനം സ്വീകരിച്ച ശേഷമായിരുന്നു ഷബീന ഖാട്ടൂവെന്ന ആരാധിക മാധ്യമങ്ങളുടെയും ടെലിവിഷന്‍ ക്യാമറകളുടെയും മുന്നില്‍വെച്ച് ഇര്‍ഫാനെ ചുംബിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഷബീനയില്‍ നിന്ന് വിദഗ്ധമായി ഒഴിഞ്ഞു മാറിയ ഇര്‍ഫാന്‍ ഷബീനയെ നിരാശയാക്കി. തൊട്ടടുത്ത് നിന്നിരുന്ന സഹോദരന്‍ യൂസഫ് പത്താനാകട്ടെ ഒന്നുമറിഞ്ഞില്ലേ രാമനാരായണാ..എന്ന മട്ടില്‍ നില്‍ക്കുകയും ചെയ്തു.
നേരത്തെ ഇര്‍ഫാനോട് ചുംബിക്കാനുള്ള അവസരം ഷബീന ചോദിച്ചിരുന്നു. എന്നാല്‍ പ്രതിശ്രുത വധു ശിവാംഗി തന്നെ കൊല്ലുമെന്നും അതിനാല്‍ ആ സാഹസം വേണ്ടെന്നും പറഞ്ഞ് ഇര്‍ഫാന്‍ ആരാധികയെ നിരാശപ്പെടുത്തി. തുടര്‍ന്നാണ് രണ്ടും കല്‍പ്പിച്ച് ചുംബിക്കാന്‍ ഷബീന ശ്രമിച്ചത്.
എന്നാല്‍ താന്‍ ബലം പ്രയോഗിച്ച് ഇര്‍ഫാനെ ചുംബിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് കൊല്‍ക്കത്തയിലെ ഇന്‍ഷൂറന്‍സ് കമ്പനി ജീവനക്കാരിയായ ഷബീന പറഞ്ഞു. തന്‍റെ ഉദ്യമം വിജയിച്ചില്ലെങ്കിലും ഈ സംഭവത്തിന്‍റെ മധുരിക്കുന്ന ഓര്‍മയുമായാണ് താന്‍ വീട്ടിലേക്ക് പോകുന്നതെന്നും ഷബീന വ്യക്തമാക്കി. സംഭവത്തിനുശേഷം മാധ്യമങ്ങള്‍ ഷബീനയെ പൊതിഞ്ഞു. രണ്ട് വര്‍ഷം മുന്‍പ് ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെ ഒരു ആരാധിക ചുംബിക്കാന്‍ ശ്രമിച്ചതും വിവാദമായിരുന്നു.