മുന്‍ ഇന്ത്യന്‍ പരിശീലകന്‍ ജോണ്‍ റൈറ്റ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ പരിശീലകനായേക്കുമെന്ന് സൂചന. ഐ പി എല്‍ രണ്ടാം സീസണിലെ തുടര്‍ച്ചയായ തോല്‍വികളും വിവാദപരമായ തീരുമാനങ്ങളെയും തുടര്‍ന്ന് മുന്‍ ഓസ്ട്രേലിയന്‍ പരിശീലകന്‍ ജോണ്‍ ബുക്കാനനെ നൈറ്റ് റൈഡേഴ്സ് നേരത്തെ പുറത്താക്കിയിരുന്നു.
ഈ ഒഴിവിലേക്കാണ് അഞ്ചു വര്‍ഷക്കാലം ഇന്ത്യയുടെ പരിശീലകനായിരുന്ന റൈറ്റിനെ പരിഗണിക്കുന്നത്. അടുത്തിടെ ഓണററി ഡോക്ടറേറ്റ് വാങ്ങാനായി ലണ്ടനിലെത്തിയ ഷാരൂഖും ഗാംഗുലിയും ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ റൈറ്റിന്‍റെ പേര് മാത്രമല്ല പരിഗണനയില്‍ ഉളളതെന്നും അറിയുന്നു.
നാഷണല്‍ ക്രിക്കറ്റ് അക്കാദമി പരിശീലകന്‍ ഡേവ് വാറ്റ്‌മോര്‍, മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഡബ്ലിയു വി രാമന്‍, മുന്‍ വിക്കറ്റ് കീപ്പര്‍ ചന്ദ്രകാന്ദ് പണ്ഡിറ്റ്, മുന്‍ ഇന്ത്യന്‍ അസിസ്റ്റന്‍റ് കോച്ച് ലാല്‍ചന്ദ് രജ്‌പുത്, മുന്‍ പാകിസ്ഥാന്‍ പരിശീലകന്‍ റിച്ചാര്‍ഡ് പൈബസ്, മുന്‍ ഇന്ത്യന്‍ പേസര്‍ പരസ് മാംബ്രേ എന്നിവരാണ് റൈറ്റിനു പുറമെ പരിഗണനയിലുള്ള പേരുകള്‍.
എങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ റൈറ്റിന് തന്നെയായിരിക്കും മുന്‍ഗണന എന്നാണ് കരുതുന്നത്. ഐ പി എല്‍ മൂന്നാം സിസണിലെ നായകനായി ഗാംഗുലിയെ നിയമിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. റൈറ്റ് പരിശീലകനാവുകയാണെങ്കില്‍ ഇന്ത്യന്‍ ടീമിനെ ഏറ്റവും കൂടുതല്‍ വിജയങ്ങളിലേക്ക് നയിച്ച കൂട്ടുകെട്ടിന്‍റെ പുനസമാഗമം കൂടിയായിരിക്കും ഇത്. |