ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ വന്‍വിജയത്തെ തുടര്‍ന്ന് അമേരിക്കയിലും പ്രീമിയര്‍ ലീഗ് ട്വന്‍റി-20 ക്രിക്കറ്റിന് പിച്ച് ഒരുങ്ങുന്നു. ടൂര്‍ണമെന്‍റ് സംഘടിപ്പിക്കാന്‍ താല്‍പ്പര്യമുളള സ്പോണ്‍സര്‍മാരെയും, ബ്രോഡ്കാസ്റ്റര്‍മാരെയു, ഗെയിം ഡെവലപ്പര്‍മാരെയും അമേരിക്കന്‍ ക്രിക്കറ്റ് അസോസിയേഷന്‍ ക്ഷണിച്ചു കഴിഞ്ഞു.
അടുത്ത വര്‍ഷം വെസ്റ്റിന്‍ഡീസില്‍ നടക്കുന്ന ട്വന്‍റി-20 ലോകകപ്പിന് മുന്നോടിയായി പ്രീമിയര്‍ ലീഗ് ടൂര്‍ണമെന്‍റ് സംഘടിപ്പിക്കാനാണ് അമേരിക്കന്‍ ക്രിക്കറ്റ് അസോസിയേഷന്‍ പദ്ധതിയിടുന്നത്. അമേരിക്കയില്‍ കളിസ്ഥലമൊരുക്കുക, ക്രിക്കറ്റിനു വേണ്ട അടിസ്ഥാന സൌകര്യങ്ങള്‍ വികസിപ്പിക്കുക എന്നിവയ്ക്കുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും ബോര്‍ഡ് താല്‍പ്പര്യമുളളവരെ ക്ഷണിച്ചിട്ടുണ്ട്.
നേരത്തെ അമേരിക്കന്‍ പ്രീമിയര്‍ ലീഗ് എന്ന ആശയവുമായി ചില സ്വകാര്യ സ്ഥാപനങ്ങള്‍ ടൂര്‍ണമെന്‍റ് നടത്താന്‍ പദ്ധതിയിട്ടിരുന്നെങ്കിലും ബോര്‍ഡിന്‍റെ അംഗീകാരം ലഭിച്ചിരുന്നില്ല. എന്നാല്‍ ഐ സി സി അംഗീകരത്തോടെയാണ് അമേരിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ടൂര്‍ണമെന്‍റുമായി മുന്നോട്ട് പോകുന്നത്. |