വിന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിന്‍റെ ആദ്യ ഇന്നിംഗ്സ് 238ന് അവസാനിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 15 റണ്‍സെടുത്തിട്ടുണ്ട്.
മഴമൂലം ഒരു ദിവസം വൈകിത്തുടങ്ങിയ മത്സരത്തില്‍ ബംഗ്ലാദേശിന് ശക്തമായ വെല്ലുവിളിയാണ് വിന്‍ഡീസ് ബൌളര്‍മാര്‍ ഉയര്‍ത്തിയത്. മികച്ച സ്കോര്‍ കണ്ടെത്താനാകാതെ ബാറ്റ്സ്മാന്‍മാര്‍ ഓരോരുത്തരായി പവലിയനിലേക്ക് മടങ്ങിയപ്പോള്‍ വാലറ്റക്കാരുടെ ചെറുത്തുനില്‍പാണ് സ്കോര്‍ 238ല്‍ എത്തിച്ചത്. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ആറിന് 121 എന്ന നിലയിലായിരുന്നു ബംഗ്ലാദേശ്.
23 ഓവറില്‍ 46 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ കെമര്‍ റോച്ച് ആണ് വിന്‍ഡീസ് നിരയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ആക്രമണം അഴിച്ചുവിട്ടത്. ദേവ് ബെര്‍നാഡ് 11 ഓവറില്‍ 30 റണ്‍സും ടിനോ ബെസ്റ്റ് 17 ഓവറില്‍ 58 റണ്‍സും വഴങ്ങി രണ്ട് വിക്കറ്റ് വീതം നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന് തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റു. സ്കോര്‍ 15ല്‍ എത്തി നില്‍ക്കെ കന്നിയങ്കത്തിനിറങ്ങിയ ഓപണിംഗ് ബാറ്റ്സ്മാന്‍ ഡെയില്‍ റിച്ചാര്‍ഡ്സിനെ ഷക്കീബ് അല്‍ ഹസന്‍ എല്‍ബിഡബ്ലിയുവില്‍ കുടുക്കുകയായിരുന്നു.
ദേശീയ ക്രിക്കറ്റ് ബോര്‍ഡുമായുള്ള പ്രശ്നത്തെത്തുടര്‍ന്ന് പ്രധാന കളിക്കാര്‍ മല്‍സരം ഉപേക്ഷിച്ചതിനാല്‍ രണ്ടാം നിര ടീമുമായാണ് വിന്‍ഡീസ് പര്യടനത്തിനെത്തിയത്. |