ഇംഗ്ലണ്ടിനെതിരെയുള്ള ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ മൂന്നാം ദിവസം ഒന്നിന് 249 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയക്ക് 28 റണ്‍സിന്‍റെ ലീഡ്. മുന്നാം ദിനം മഴമൂലം കളി നിര്‍ത്തിവയ്ക്കുമ്പോള്‍ ഓസീസ് നാല് വിക്കറ്റ് നഷ്ടത്തില്‍ 463 റണ്‍സെടുത്തിട്ടുണ്ട്. വൈസ് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കും(74) മാര്‍ക്ക് നോര്‍ത്തുമാണ് ക്രീസില്‍. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് ഇതുവരെ 132 റണ്‍സ് കൂട്ടിച്ചെര്‍ത്തിട്ടുണ്ട്.
രണ്ടാം ദിവസം സെഞ്ച്വറി നേടിയ പോണ്ടിംഗിനേയും കാറ്റിച്ചിനേയും മൂന്നാം ദിവസത്തിന്‍റെ ആദ്യ സെഷനില്‍ തന്നെ പുറത്താക്കി ഇംഗ്ലണ്ട് ശക്തമായ തിരിച്ചിവരവിന് ശ്രമിച്ചു. കാറ്റിച്ചിനേയും(122) തുടര്‍ന്നെത്തിയ മൈക്ക് ഹസിയേയും മടക്കി ജെയിംസ് ആന്‍ഡേഴ്സണാണ് ഇംഗ്ലണ്ടിന് മുന്‍തൂക്കം നല്‍കിയത്. ഉച്ചഭക്ഷണത്തിന് മുന്‍പ് 150 റണ്‍സെടുത്ത പോണ്ടിംഗിനേയും ആതിഥേയര്‍ മടക്കി.
നാലിന് 348 എന്ന നിലയില്‍ ഉച്ചഭക്ഷണത്തിന് ശേഷം കളി ആരംഭിച്ച ഓസീസിനെ ക്ലാര്‍ക്കിന്‍റേയും നോര്‍ത്തിന്‍റേയും കൂട്ടുകെട്ട് മികച്ച നിലയിലേക്കുയര്‍ത്തി. എന്നാല്‍ മൂന്നാം ദിനം കളി അവസാനിക്കാന്‍ 27 ഓവറുകള്‍ ശേഷിക്കെ മഴ വില്ലനായെത്തി. |