ബംഗ്ലാദേശും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യ ദിവസത്തെ കളി മഴ മൂലം ഉപേക്ഷിച്ചു. മല്‍സരം തുടങ്ങി ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തന്നെ മഴ കളിക്ക് തടസ്സം സൃഷ്ടിക്കുകയായിരുന്നു.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ബംഗ്ലാദേശ് വിക്കറ്റൊന്നും നഷ്ടപ്പെടാതെ 42ല്‍ എത്തിനില്‍ക്കുമ്പോഴാണ് മഴ കളി തടസ്സപ്പെടുത്തിയത്. തമീം ഇക്ബാലും ഇംറുല്‍ കായിസും ചേര്‍ന്ന് ബംഗ്ലാദേശിന് മികച്ച തുടക്കമാണ് നല്‍കിയത്. മൂന്ന് ഫോറുകളുടെ അകമ്പടിയോടെ ഇംറുല്‍ 26 റണ്‍സും ഒരു ബൌണ്ടറിയുടെ പിന്‍ബലത്തില്‍ തമീം 14 റണ്‍സും എടുത്തിട്ടുണ്ട്.
മോശം കാലാവസ്ഥ കാരണം രാവിലെ തുടങ്ങേണ്ട മല്‍സരം ഉച്ചയ്ക്കാണ് ആരംഭിച്ചത്. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ നടപടികളില്‍ പ്രതിഷേധിച്ച് പതിമൂന്നോളം കളിക്കാര്‍ മത്സരം ബഹിഷ്കരിച്ചതിനാല്‍ ഏറെ പുതുമുഖങ്ങളുമായാണ് കരീബിയന്‍ പട അങ്കത്തിനെത്തിയത്.
വിന്‍ഡീസ് ബാറ്റ്സ്മാന്‍മാരായ ഡെയില്‍ റിച്ചാര്‍ഡ്സ്, ഒമര്‍ ഫിലിപ്സ്, ട്രാവിസ് ഡൌളിന്‍, വിക്കറ്റ് കീപ്പര്‍ ചാഡ്വിക് വാള്‍ട്ടണ്‍, ഫാസ്റ്റ് ബൌളര്‍ കെമര്‍ റോച്ച്, സ്പിന്നര്‍മാരായ റിയാന്‍ ഓസ്റ്റിന്‍, നികിത മില്ലര്‍ എന്നിവരുടെ കന്നി ടെസ്റ്റ് മല്‍സരമാണിത്. |