ബിസിസിഐ നേതൃസ്ഥാനത്തെത്താന്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൌരവ് ഗാംഗുലിക്ക് കൂടുതല്‍ കാത്തിരിക്കേണ്ടി വരുമെന്ന് അസം ക്രിക്കറ്റ് അസോസിയേഷന്‍ സൂചന നല്‍കി. 2014ല്‍ നടക്കുന്ന ബിസിസിഐ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഗാംഗുലി മല്‍സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്ന സാഹചര്യത്തിലാണ് എസിഎയുടെ പ്രസ്താവന.ബിസിസിഐ ചീഫ് സ്ഥാനത്തേക്ക് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് മാത്രമല്ല അധികാരമുള്ളതെന്ന് എസിഎ സെക്രട്ടറി ബികാഷ് ബറുവ പറഞ്ഞു. സിഎബി മേധാവി ജഗ്മോഹന്‍ ഡാല്‍മിയ നേരത്തെ ബിസിസിഐ പ്രസിഡന്‍റായിരുന്നു. സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ അധികാരമുള്ള വേറെയും ക്രിക്കറ്റ് സംഘടനകള്‍ മേഖലയിലുണ്ടെന്ന് ബറുവ ചൂണ്ടിക്കാട്ടി. 2014ല്‍ ഒറീസ ക്രിക്കറ്റ് അസോസിയേഷനാണ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടി വരികയെന്നും അദ്ദേഹം പറഞ്ഞു.ആവര്‍ത്തന നയമനുസരിച്ച് 2014ല്‍ കിഴക്കന്‍ മേഖലയില്‍ നിന്നാണ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടത്. ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്തേക്ക് 2014ല്‍ കിഴക്കന്‍ മേഖലയുടെ പ്രതിനിധിയായി ഗാംഗുലി മത്സരിക്കുമെന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നത്. അതിന് മുന്നോടിയായി ഗാംഗുലി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കും. |