ആഷസ് പരമ്പരയിലെ ഒന്നാം ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിനെതിരെ കംഗാരുക്കള്‍ തിരിച്ചടിക്കുന്നു. വാലറ്റത്തിന്‍റെ കരുത്തില്‍ 435 റണ്‍സെടുത്ത ഇംഗ്ലണ്ടിനെതിരെ മികച്ച പ്രകടനമാണ് രണ്ടാം ദിവസം ഓസീസ് കാഴ്ച വച്ചത്. ബൌളറായ സ്വാനിന്‍റെ പ്രകടനമാണ് ഇംഗ്ലണ്ടിനെ മാന്യമായ സ്കോറിലെത്തിച്ചത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസ് ഓപ്പണര്‍ ഫില്‍ ഹ്യൂസിനെ(36) പുറത്താക്കാനായെങ്കിലും രണ്ടാം വിക്കറ്റില്‍ സെഞ്ചറികള്‍ നേടിയ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗും(100) സൈമണ്‍ കാറ്റിച്ചും(104) മികച്ച ഇന്നിംഗ്സാണ് കാഴ്ച വച്ചത്. സെഞ്ച്വറി നേടിയ പോണ്ടിംഗ് റണ്‍ വേട്ടയില്‍ സ്റ്റീവോയെ മറികടന്ന് 11000 റണ്‍സ് തികയ്ക്കുന്ന നാലാമത്തെ ടെസ്റ്റ് ബാറ്റ്സ്മാനായി. ടെസ്റ്റില്‍ പോണ്ടിംഗിന്‍റെ 38ആം സെഞ്ചറിയാണ് ഇന്നലെ പിറന്നത്. കാറ്റിച്ചിനിത് എട്ടാം സെഞ്ച്വറി നേട്ടമാണ്.
മറുപടി ബാറ്റിംഗ് ആരംഭിച്ച ഓസീസ് അതിവേഗത്തിലാണ് ബാറ്റ് വീശിയത്. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 39 റണ്‍സെടുത്ത ഓസീസ് ചായയ്ക്ക് മുന്‍പുള്ള സെഷനില്‍ ഒരുവിക്കറ്റ് നഷ്ടപ്പെടുത്തി 103 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഹ്യൂസിനെ പുറത്താക്കാനായെങ്കിലും പിന്നീട് ഇംഗ്ലീഷ് ബൌളരെമാര്‍ എറിഞ്ഞു തളരുകയല്ലാതെ ഒരു പ്രയോജനവുമുണ്ടായില്ല. സ്പിന്നര്‍മാരെ തുടര്‍ച്ചയായി പരിക്ഷിച്ച തന്ത്രവും വിജയിച്ചില്ല.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന്‍റെ വാലറ്റം 99 റണ്‍സാണ് രണ്ടാം ദിനം കൂട്ടിച്ചേര്‍ത്തത്. 47 റണ്‍സെടുത്ത സ്വാന്‍ ആണ് വാലറ്റത്ത് മികച്ച പ്രകടനം കാഴ്ച വച്ചത്. പീറ്റേഴ്സണ്‍(69), കോളിംഗ് വുഡ്(64), പ്രയര്‍(56) എന്നിവരും ഇംഗ്ലണ്ട് ബാറ്റിംഗ് നിരയില്‍ തിളങ്ങി. ഏകദിന ശൈലിയില്‍ കളിച്ച പ്രയര്‍ 62 ബോളില്‍ നിന്നാണ് അര്‍ധ സെഞ്ച്വറി തികച്ചത്. ഒപ്പണര്‍ ആന്‍ഡ്ര്യൂ സ്ട്രോസ് 30 റണ്‍സെടുത്ത് പുറത്തായി.
മൂന്ന് വിക്കറ്റ് വീതമെടുത്ത മിച്ചല്‍ ജോണ്‍സണും ഹൌറിറ്റ്സും ആണ് ഓസ്ട്രേലിയന്‍ ബൌളിംഗ് നിരയില്‍ തിളങ്ങിയത്. 38 എക്സ്ട്രാ റണ്‍സാണ് ആദ്യ ഇന്നിംഗ്സില്‍ ഓസീസ് ബൌളര്‍മാര്‍ വഴങ്ങിയത്. |