ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിന്‍റെ ഒന്നാം ദിനം ഇംഗ്ലണ്ടും ഓസ്ട്രേലിയയും തുല്യമായി പങ്കിട്ടു. ഓസീസ് ബൌളര്‍മാര്‍ തുടക്കത്തില്‍ നേടിയ മേല്‍ക്കൈ പീറ്റേഴ്സണും കോളിംഗ്‌വുഡും പ്രയറും ചേര്‍ന്ന് ഇല്ലാതാക്കിയപ്പോള്‍ അവസാന സെഷനില്‍ രണ്ട് വിക്കറ്റുകള്‍ കൂടി നേടി ഓസ്ട്രേലിയ തിരിച്ചുവന്നു. ഒന്നാം ദിനം കളി നിര്‍ത്തുമ്പൊള്‍ ഇംഗ്ലണ്ട് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സെടുത്തിട്ടുണ്ട്.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന് ഓപ്പണര്‍മാര്‍ ഭേദപ്പെട്ട തുടക്കം നല്‍കിയെങ്കിലും മിച്ചല്‍ ജോണ്‍സണ്‍ ഇരട്ട പ്രഹരമേല്‍പ്പിച്ചപ്പോള്‍ ഇംഗ്ലണ്ട് പതറി. സ്കോര്‍ 21ല്‍ എത്തിയപ്പോള്‍ ഹില്‍ഫന്‍ഹോസിന്‍റെ പന്തില്‍ കുക്ക്(10) മടങ്ങി. സ്കോര്‍ 67ല്‍ നില്‍ക്കെ നായകന്‍ സ്ട്രോസിനെയും(30) ഇംഗ്ലണ്ടിന് നഷ്ടമായി.
സ്കോര്‍ 90ല്‍ ബൊപ്പാറയെയും (35) മടക്കി ആദ്യ സെഷനില്‍ മിച്ചല്‍ ജോണ്‍സണ്‍ ഓസ്ട്രേലിയയ്ക്കു മേല്‍ക്കൈ നേടിക്കൊടുത്തു. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ ഇംഗ്ലണ്ടിന്‍റെ വഴിക്കു വന്നു. നാലാം വിക്കറ്റില്‍ പീറ്റേഴ്സണും (69), പോള്‍ കോളിങ് വുഡും (64) ചേര്‍ന്ന് ഓസീസ് സ്വപ്നങ്ങള്‍ അടിച്ചു പറത്തി. ഇംഗ്ലണ്ടിനെ 228ല്‍ എത്തിച്ച ശേഷമാണ് ഇവരുടെ കൂട്ടുകെട്ടു പിരിഞ്ഞത്.
പിന്നീട് ആറാം വിക്കറ്റില്‍ പ്രയറും ഫ്ലിന്റോഫും ചേര്‍ന്ന് ഇംഗ്ലണ്ടിനെ കൂടുതല്‍ ശക്‌തമായ നിലയിലെത്തിച്ചു. എന്നാല്‍ കളി അവസാനിക്കാറായപ്പോള്‍ ഇരുവരെയും ക്ലീന്‍ ബോള്‍ ചെയ്‌തു സിഡില്‍ ഇംഗ്ലണ്ടിന്റെ വന്‍ മുന്നേറ്റം തടഞ്ഞു. കളി നിര്‍ത്തുമ്പോള്‍ ആന്‍ഡേഴ്സനും (രണ്ട്), സ്റ്റുവര്‍ട് ബ്രോഡും (നാല്) ആണു ക്രീസില്‍.
|