കളിക്കാരുടെ കരാര്‍ സംബന്ധിച്ച പ്രശ്നങ്ങളില്‍ ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ വ്യാഴാഴ്ച ബംഗ്ലാദേശിനെതിരെ ആരംഭിക്കാനിരികുന്ന ടെസ്റ്റ് പരമ്പര ബഹിഷ്കരിക്കുമെന്ന് വെസ്റ്റിന്‍ഡീസ് താരങ്ങളുടെ ഭീഷണി. പ്രശ്നങ്ങള്‍ പരിഹരിക്കാനായി വെസ്റ്റിന്‍ഡീസ് പ്ലേയേഴ്സ് അസോസിയേഷന്‍ നടത്തിയ ശ്രമങ്ങളോട് ബോര്‍ഡ് നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നതെന്നും അസോസിയേഷന്‍ പ്രസിഡന്‍റ് ദിനാനാദ് രാം നരൈയ്ന്‍ പറഞ്ഞു.
കളിക്കാര്‍ അടിയന്തിരമായി പരമ്പര ബഹിഷ്കരിക്കുകയാണെന്ന് രാം നരൈയ്ന്‍ അറിയിച്ചു. കളിക്കാര്‍ കഴിഞ്ഞ നാലു പരമ്പരകളിലും കളിച്ചത് ബോര്‍ഡുമായി ഒരു കരാറുമില്ലാതെയാണ്. കരാറൊന്നുമില്ലാതെ അടുത്ത പരമ്പരയും കളിക്കാന്‍ ആവശ്യപ്പെട്ടതിനാണ് ബഹിഷ്കരണം.
ഇത്തരം കാര്യങ്ങള്‍ അംഗീകരിക്കാനാവില്ല. ആവശ്യമായ സംരക്ഷണമില്ലാതെ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കാന്‍ ഒരു കായിക താരവും തയ്യാറാവില്ലെന്നും രാംനരൈയ്ന്‍ പത്രകുറിപ്പിലൂടെ വ്യക്തമാക്കി.
അതേസമയം താരങ്ങള്‍ കളി ബഹിഷ്കരിക്കുകയാണെങ്കില്‍ നാളെ തുടങ്ങാനിരിക്കുന്ന ആദ്യ ടെസ്റ്റില്‍ രണ്ടാം നിരയെ ഇറക്കാന്‍ ബോര്‍ഡ് പദ്ധതി ഇടുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ഇതിനായി സെന്‍റ് ലൂസിയയില്‍ രണ്ടാം നിര താരങ്ങളെ എത്തിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. |