പാകിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് 292 റണ്‍സില്‍ അവസാനിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന് അതേ നാണയത്തില്‍ ലങ്ക തിരിച്ചടി നല്‍കിയപ്പോള്‍ ആദ്യ ദിനം ഇരു ടീമുകളും തുല്യമായി പങ്കുവെച്ചു.
ആദ്യ ദിനം സ്റ്റമ്പെടുക്കുമ്പൊള്‍ 9/2 എന്ന നിലയിലാണ് പാകിസ്ഥാന്‍. അഞ്ചു റണ്‍സുമായി നായകന്‍ യൂനിസ് ഖാനും റണ്‍സൊന്നുമെടുക്കാതെ അബ്ദുര്‍ റൌഫും ക്രീസില്‍. സല്‍മാന്‍ ബട്ടിന്‍റെയും(0), കുറാം മന്‍സൂറി(2)യും വിക്കറ്റുകളാണ് പാകിസ്ഥാന് നഷ്ടമായത്. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലങ്ക തകര്‍ച്ചയോടെയാണ് തുടങ്ങിയത്. രണ്ട് റണ്‍സെടുത്ത വര്‍ണപുരയെ കൌമാര താരം മുഹമ്മദ് അജമീര്‍ ക്ലീന്‍ ബൌള്‍ ചെയ്തു. പിന്നീട് ലങ്കയുടെ ഏറ്റവും വിശ്വസ്തനായ ബാറ്റ്സ്മാനും നായകനുമായ കുമാര്‍ സംഗക്കാരയെ(9)ക്കൂടി മടക്കി അജ്മീര്‍ ലങ്കയ്ക്ക് ഇരട്ട പ്രഹരമേല്‍പ്പിച്ചു.
72 റണ്‍സെടുത്ത പണവിതാനയും 30 റണ്‍സെടുത്ത ജയവര്‍ധനെയും ചേര്‍ന്ന് ലങ്കന്‍ ഇന്നിംഗ്സിനെ പിടിച്ചു നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ജയവര്‍ധനെയും അബ്ദുര്‍ റൌഫ് വീഴ്ത്തിയതൊടെ ലങ്ക പതറി. പിന്നീട് കൃത്യമായ ഇടവേളകളില്‍ ലങ്കയ്ക്ക് വിക്കറ്റുകള്‍ നഷ്ടമായി. സമരവീര(31), ദില്‍ഷന്‍(28), മാത്യൂസ്(42), കുലശേഖര(38), ഹെര്‍ത്(20) എന്നിവരെല്ലാം മികച്ച തുടക്കങ്ങള്‍ മുതലാക്കുന്നതില്‍ പരാജയപ്പെട്ടു. പാകിസ്ഥാന് വേണ്ടി അജ്മീര്‍ മൂന്നും റൌഫ്, അജ്മല്‍, യൂനിസ് ഖാനെന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. |