ഒരു ദശകകത്തിലേറെയായി ലങ്കന്‍ പേസ് ബൌളിംഗിന്‍റെ മുന്നണിപ്പോരാളിയായിരുന്ന ചാമിന്ദാ വാസ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. ശ്രിലങ്കന്‍ ക്രിക്കറ്റ് ടീം മുഖ്യ സെലക്ടര്‍ അഷാന്ത ഡി മെല്‍ അറിയിച്ചതാണിത്. 2011ലെ ലോകകപ്പ് ലക്‍ഷ്യമിട്ട് താന്‍ ടെസ്റ്റ് ക്രിക്കറ്റ് അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് 35കാരനായ വാസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതോടെ വാസിന്‍റെ 15 വര്‍ഷം നീണ്ട് ടെസ്റ്റ് കരിയറിന് വിരാമമാകുകയാണ്.
ടെസ്റ്റില്‍ തുടരാന്‍ ആഗ്രഹമില്ലെന്ന് വാസ് വ്യക്തമാക്കിയതായി ഡി മെല്‍ പറഞ്ഞു. വാസ് എതെങ്കിലും ഒരു വിഭാഗത്തില്‍ മാത്രം ശ്രദ്ധിക്കണമെന്ന് ശ്രീലങ്കന്‍ നായകന്‍ കുമാര്‍ സംഗക്കാര കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. വാസിന്‍റെ കളിമികവില്‍ സംശയമില്ലെങ്കിലും അദ്ദേഹത്തിന്‍റെ സേവനം ലങ്കന്‍ ക്രിക്കറ്റിന് ഇനിയും ആവശ്യമുണ്ടെന്നതിനാല്‍ വാസ് എതെങ്കിലും ഒരു വിഭാഗത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നായിരുന്നു സംഗയുടെ ആവശ്യം.
ലങ്കയ്ക്കായി 110 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള വാസ് 29.40 ശരാശരിയില്‍ 354 വിക്കറ്റുകളും 24.48 റണ്‍സ് ശരാശരിയില്‍ 3085 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്. 322 ഏകദിനങ്ങളില്‍ നിന്ന് 400 വിക്കറ്റാണ് വാസിന്‍റെ സമ്പാദ്യം. |