മഴയും വിന്‍ഡീസും തകര്‍ത്തു പെയ്തെങ്കിലും അവസാന ഓവറില്‍ ഇടിമിന്നലായ ധോണിയുടെ ബാറ്റിംഗ് മികവില്‍ വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മല്‍സരത്തില്‍ ഇന്ത്യയ്ക്ക് ആറു വിക്കറ്റ് വിജയം. ജയിക്കാന്‍ അവസാന ഓവറില്‍ 11 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യ, ഒരു പന്തു ശേഷിക്കെയാണ് ജയവും പരമ്പരയില്‍ ലീഡും പിടിച്ചെടുത്തത്. സ്കോര്‍: വെസ്റ്റിന്‍ഡീസ് 27 ഓവറില്‍ 186/7. ഇന്ത്യ: 21.5 ഓവറില്‍ 159/4(ഡെക് വര്‍ത്ത് ലൂയിസ്)
ജെറോം ടെയ്‌ലര്‍ എറിഞ്ഞ അവസാന ഓവറില്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 11 റണ്‍സായിരുന്നു. ആദ്യ പന്തില്‍ യൂസഫ് പത്താന്‍ ഒരു റണ്‍ നേടി സ്ട്രൈക്ക് ധോണിയ്ക്ക് കൈമാറി. രണ്ടാം പന്തില്‍ ടെയ്‌ലറുടെ സ്ലോ ബോള്‍ ഡീപ് മിഡ്‌വിക്കറ്റിനു മുകളിലൂടെ പറത്തി ധോണി ഇന്ത്യയെ ലക്‍ഷ്യത്തിലേക്ക് അടുപ്പിച്ചു. അഞ്ചാം പന്തില്‍ ഇന്ത്യ വിജയ റണ്ണും കുറിച്ചു. 34 പന്തില്‍ 46 റണ്‍സുമായി പുറത്താകാതെ നിന്ന് ഇന്ത്യയെ വിജയത്തിലേക്കു നയിച്ച മഹേന്ദ്രസിങ് ധോണിതന്നെയാണ് കളിയിലെ കേമന്‍.
മഴമൂലം 27 ഓവര്‍ വീതമായി പുനര്‍നിശ്ചയിച്ച മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത വിന്‍ഡീസ് ഏഴിന് 185 റണ്‍സെടുത്തു. ഡക്ക്‌വര്‍ത്ത്-ലൂയിസ് മഴനിയമപ്രകാരം ഇന്ത്യയുടെ ലക്ഷ്യം 159 റണ്‍സ് ആക്കി നിശ്ചയിക്കുകയായിരുന്നു.
ഇന്ത്യന്‍ ഓപ്പണ്‍മാരായ കാര്‍ത്തിക്കും (47) ഗംഭീറും (44) നല്ല തുടക്കം നല്‍കിയെങ്കിലും ഇരുവരും പുറത്തായതോടെ ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ വേഗം കുറഞ്ഞു. രണ്ടു റണ്‍സുമായി യുവ്‌രാജും 11 റണ്‍സുമായി രോഹിത് ശര്‍മയും മടങ്ങിയതോടെ സമ്മര്‍ദത്തിലായ ഇന്ത്യയെ ക്യാപ്റ്റന്‍ ധോണിയുടെ ഇന്നിംഗ്സാണ് രക്ഷപ്പെടുത്തിയത്. ഒരു റണ്‍സുമായി യൂസഫ് പഠാന്‍ പുറത്താകാതെ നിന്നു.
ട്വന്റി 20 ലോകകപ്പിലെ ഉശിരന്‍ പോരാട്ടങ്ങളെ ഒാര്‍മിപ്പിച്ചാണ് വിന്‍ഡീസ് ബാറ്റ് ചെയ്‌തത്. 58 പന്തില്‍നിന്ന് അഞ്ചു ഫോറും ഒരു സിക്സുമടക്കം 62 റണ്‍സ് നേടിയ രാംനരേഷ് സര്‍വനാണ് ടോപ് സ്കോറര്‍. കണ്ണഞ്ചിപ്പിക്കുന്ന വേഗത്തില്‍ 27 റണ്‍സെടുത്ത ക്യാപ്റ്റന്‍ ക്രിസ് ഗെയ്‌ലും റുണാക്കോ മോര്‍ട്ടണ്‍(22), ഡാരന്‍ ബ്രാവോ(21) എന്നിവരും ഭേദപ്പെട്ട സംഭാവനകള്‍ നല്‍കി.
ഇന്ത്യന്‍ ബോളര്‍മാരില്‍ അഞ്ച് ഒാവറില്‍ 21 റണ്‍സിന് മൂന്നു വിക്കറ്റ് വീഴ്ത്തിയ ആശിഷ് നെഹ്‌റയ്ക്കു മാത്രമേ തിളങ്ങിയുള്ളു. ഹര്‍ഭജന്‍ സിങ്ങിനും രണ്ടും യൂസഫ് പഠാന് ഒന്നും വിക്കറ്റുകള്‍ വീഴ്ത്തി.
|