ഇന്ത്യയിലെ വിമത ക്രിക്കറ്റ് ലീഗായ ഐ സി എല്ലുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ച മുന്‍ പാക് ഓപ്പണര്‍ ഇമ്രാന്‍ നസീര്‍ പാകിസ്ഥാന്‍റെ ഏകദിന ടീമില്‍ തിരിച്ചെത്തിയേക്കുമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ സെലക്ടര്‍ വസീം ബാരി പറഞ്ഞു. ദേശീയ ട്വന്‍റി-20 ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ മോശമായി പെരുമാറിയതിനാല്‍ നസീറിനെ ടീമിലേക്ക് പരിഗണിക്കില്ലെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു.
എന്നാല്‍ ഈ വിഷയത്തില്‍ നസീര്‍ ക്ഷമ ചോദിച്ചതിനാല്‍ അദ്ദേഹത്തെ ടീമിലേക്ക് പരിഗണിക്കാമെന്ന് പി സി ബി ചെയര്‍മാന്‍ ഇജാസ് ബട്ട് വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ ട്വന്‍റി-20 ചാമ്പ്യന്‍ഷിപ്പില്‍ അമ്പയര്‍ ഔട്ട് വിധിച്ചതിനെതിരെ തന്‍റെ എതിര്‍പ്പ് പ്രകടിപ്പിച്ചതിനാണ് ഇമ്രാന്‍ നസീര്‍ ഇജാസ് ഭട്ടിനോട് ക്ഷമ ചോദിച്ചത്.
ഇക്കാര്യത്തില്‍ നസീര്‍ ക്ഷമ ചോദിച്ചതിനാല്‍ ആ പ്രശ്നം അവസാനിച്ചുവെന്നും നസീറിനെ ടീമിലേക്ക് പരിഗണിക്കുമെന്നും വസീം ബാരി വ്യക്തമാക്കി. നസീറിനൊപ്പം ഐ സി എല്‍ ഉപേക്ഷിച്ച മുഹമ്മദ് യൂസഫും അബ്ദുള്‍ റസാഖും പാക് ടീമിലേക്ക് തിരിച്ചെത്തിയിരുന്നു. എന്നാല്‍ തനിക്ക് ട്വന്‍റി-20 ലോകകപ്പിനുള്ള ടീമിനെ തെരഞ്ഞെടുക്കാന്‍ അധികാരമുണ്ടായിരുന്നെങ്കില്‍ നസീറിനെ ഓപ്പണറായി ഉള്‍പ്പെടുത്തുമായിരുന്നുവെന്നും ബാരി അറിയിച്ചു. |