ഐ പി എല്ലിന്‍റെ വര്‍ധിച്ചുവരുന്ന സ്വാധീനത്തിനെതിരെ മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവസ്കറും രംഗത്തെത്തി. ഇന്ത്യയിലെ യുവതാരങ്ങള്‍ ലക്‍ഷ്യമിടേണ്ടത് ഇന്ത്യന്‍ ക്യാപ് ആണ് അല്ലാതെ പണമൊഴുകുന്ന ഐ പി എല്‍ അല്ലെന്ന് ഗവസ്കര്‍ പറഞ്ഞു. മുംബൈയില്‍ ദിലീപ് സര്‍ദേശായി അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഗവസ്കര്‍.
ഐ പി എല്ലിന്‍റെ സ്വാധീനം കാരണം പല മാതാപിതാക്കളും ക്രിക്കറ്റിനെ ഒരു കരിയറായി കാണാന്‍ മക്കളോട് ഉപദേശിക്കുന്നുണ്ട്. യുവതാരങ്ങളാകട്ടെ ഐ പി എല്‍ ടീമില്‍ ഇടം നേടിയാല്‍ എല്ലാം ആയി എന്ന് കരുതുന്നു. ഇത് അപകടകരമായ പ്രവണതയാണ്. ഐ പി എല്‍ അല്ല ഇന്ത്യന്‍ ടീമില്‍ ഇടം നേടുക എന്നതായിരിക്കണം യുവതാരങ്ങളുടെ ആത്യന്തിക ലക്‍ഷ്യം.
ഐ പി എല്ലില്‍ പരിക്കുകള്‍ ഒഴിവാക്കാനായി ഒട്ടേറെ യുവതാരങ്ങള്‍ ആഭ്യന്തര മത്സരങ്ങള്‍ ഒഴിവാക്കിയിരുന്നു. ഇത് അംഗീകരിക്കാനാവില്ല. യുവതാരങ്ങള്‍ക്ക് അനിയന്ത്രിതമായി പണം ലഭ്യമാകുനന്ത് കൊണ്ടുളള ദൂഷ്യങ്ങള്‍ ഒഴിവാക്കാന്‍ കൂടി അധികാരികള്‍ ശ്രദ്ധിക്കണമെന്നും ഗവസ്കര്‍ പറഞ്ഞു.
ട്വന്‍റി-20 ലോകകപ്പിലെ ഇന്ത്യയുടെ ദയനീയ പ്രകടനത്തിന് ഐ പി എല്ലിനെ കുറ്റം പറയാന്‍ പറ്റില്ല. ഐ പി എല്‍ ഈ രിതിയില്‍ അല്ലാതെ നടപ്പാക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഷോര്‍ട് ബോളുകള്‍ കളിക്കാനുള്ള ഇന്ത്യന്‍ താരങ്ങളുടെ കഴിവുകേട് ഇംഗ്ലണ്ട് തുറന്നു കാട്ടുകയായിരുന്നു. എന്നാല്‍ ഇതൊരു ദീര്‍ഘകാല പ്രശ്നമായിരികില്ലെന്നും ഗവസ്കര്‍ പറഞ്ഞു. ഐ പി എല്ലിന്‍റെ വര്‍ധിച്ചുവരുന്ന സ്വാധീനത്തിനെതിരെ ഇന്ത്യന്‍ കോച്ച് ഗാരി കിര്‍സ്റ്റണും നേരത്തെ രംഗത്ത് വന്നിരുന്നു. |